ഇടുക്കി: ജില്ലയിൽ 100 ദിവസത്തിനുള്ളിൽ നാലായിരം പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ദിനങ്ങൾ 200 പദ്ധതികൾ എന്ന ലക്ഷ്യത്തിലാണ് വകുപ്പിന്റെ പ്രവർത്തനം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാർട്ട് എന്ന മുദ്രാവാക്യവുമായാണ് റവന്യൂ വകുപ്പ് മുന്നേറുന്നത്. റവന്യു സെക്രട്ടറിയേറ്റ് എന്ന കാഴ്ചപ്പാടോടു കൂടിയാണ് വകുപ്പ് പ്രവർത്തിക്കുന്നത്. എല്ലാ വില്ലേജ് ഓഫീസർമാരുമായി മൂന്ന് മാസത്തിൽ ഒന്ന് എന്ന നിലയിൽ യോഗം ചേരുന്നുണ്ട്. മന്ത്രി നേരിട്ടും അതോടൊപ്പം ജില്ലാ തലത്തിലും യോഗങ്ങൾ നടത്തി വരുന്നുണ്ട്. ജില്ലയിൽ സങ്കീർണമാകുന്ന ഭൂമി പ്രശ്‌നങ്ങൾ ചർച്ച ചെയ്തു ആവശ്യമെങ്കിൽ പുതിയ ചട്ടങ്ങളിലും നിയമത്തിലും ഭേദഗതി വേണോയെന്ന് ആലോചിച്ചു തീരുമാനമെടുക്കും. കൂടാതെ ഡാമുകളോട് അനുബന്ധിച്ചുള്ള മൂന്ന് ചങ്ങല പോലെയുള്ള പ്രാദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ പത്തിന് വൈദ്യുതി മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് സംയുക്തമായൊരു ചർച്ച നടത്തി തീരുമാനമെടുക്കും.
കുറിഞ്ഞിമല സെറ്റിൽമെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹാരം കാണാൻ സ്‌പെഷ്യൽ ഓഫീസറായി ഡോ. എ. കൗശികനെ നിയമിച്ചിട്ടുണ്ട്. പട്ടയം പ്രശ്ങ്ങൾ വേഗത്തിൽ തീർക്കാനാണ് സർക്കാർ തീരുമാനം. ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴിയിലെ ആദിവാസികളുടെ പട്ടയ പ്രശ്‌നം പരിഹരിക്കാൻ പ്രത്യേക പരിശോധനയ്ക്ക് ജീവനക്കാരെ നിയോഗിക്കും. അർഹരായവർക്ക് അതിവേഗം ഭൂമി കണ്ടെത്തി നൽകും. ഇടുക്കി ഡാമിന്റെ 10 ചങ്ങല പ്രദേശത്തെ കട്ടപ്പന ടൗൺഷിപ്പ്, പൊൻമുടി 10 ചങ്ങല, വാത്തിക്കുടി, ഇരട്ടയാർ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കല്ലാർകുട്ടി, ചെങ്കുളം, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ എന്നിവിടങ്ങളിലെ ഭൂമി പ്രശ്‌ന പരിഹാരവും യോഗത്തിൽ അവലോകനം ചെയ്തു. എൽ.ആർ വിഭാഗത്തിൽ നിലവിലുള്ള പതിനായിരത്തോളം കേസുകൾ നാലു മാസത്തിനകം പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കേരളത്തിൽ 200 വില്ലേജുകളിൽ ഒരേ സമയം ഡിജിറ്റൽ റീ സർവ്വെയെന്ന ചരിത്രപരമായ നടപടിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കേരളത്തിൽ 1550 വില്ലേജുകളിൽ നാലു വർഷത്തിനകം ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

രവീന്ദ്രൻ പട്ടയം: ഹിയറിംഗ് നാളെ മുതൽ

രവീന്ദ്രൻ പട്ടയവുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാളെ മുതൽ ഹിയറിങ്ങ് നടത്തും. നാളെ മറയൂർ കീഴാന്തൂർ, കാന്തല്ലൂർ എന്നീ വില്ലേജുകളിലും 14 ന് കുഞ്ചിത്തണ്ണിയിലും ഹിയറിങ്ങ് ആരംഭിക്കും. 551 പട്ടയത്തിന്മേലാണ് ഹിയറിംഗ് നടക്കുന്നത്. നടപടി ക്രമം വേഗത്തിലാക്കാൻ 12 ഡെപ്യൂട്ടി താഹസീൽദാർമാർ, 13 വില്ലേജ് ഓഫീസർ, 25 ക്ലാർക് / സീനിയർ ക്ലർക്കുമാരെയുമായി 50 പേരെ ജില്ലയിൽ നിയമച്ചിട്ടുണ്ട്. ഇതിൽ 13 പേർ ചുമതല എടുത്തു.