തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് ഇടുക്കി പ്രസ് ലീഗ് ഐ.പി.എൽ- 2022 ക്രിക്കറ്റ് ടൂർണമെന്റ് 13ന് തൊടുപുഴ തെക്കുംഭാഗം കെ.സി.എ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം സമ്മാനം നേടുന്ന ടീമിന് പുളിമൂട്ടിൽ സിൽക്‌സ് സ്‌പോൺസർ ചെയ്യുന്ന 15,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം നേടുന്ന ടീമിന് സഹ്യ ടീ തങ്കമണി സ്‌പോൺസർ ചെയ്യുന്ന 10,000 രൂപയും ട്രോഫിയും നൽകും. ഇടുക്കി പൊലീസ്, ഇടുക്കി എക്‌സൈസ്, ആരോഗ്യ വകുപ്പ്, റവന്യൂ, ഇടുക്കി പ്രസ് ക്ലബ്, ജെസിഎ, തൊടുപുഴ മർച്ചന്റ് യൂത്ത് വിങ് ബാർ അസോസിയേഷൻ എന്നീ ടീമുകൾ മാറ്റുരയ്ക്കും. 13ന് രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. രണ്ട് പൂളുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, എല്ലാ കളികളിലെയും മാൻ ഓഫ് ദി മാച്ച് തുടങ്ങിയ പുരസ്‌കാരങ്ങളുമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കളിക്കാർക്കും മെഡലുകളും നൽകും. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, വൈസ് പ്രസിഡന്റുമാരായ ജെയ്‌സ് വാട്ടപ്പള്ളി, എം. ബിലീന, പ്രസ് ക്ലബ് ടീം ക്യാപ്ടൻ സോജൻ സ്വരാജ്, പുളിമൂട്ടിൽ സിൽക്‌സ് എം.ഡി. റോയി ജോൺ പുളിമൂട്ടിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.