വെങ്ങല്ലൂർ: ആരവല്ലിക്കാവ് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാലയും 7, 8, 9, 10 തീയതികളിൽ നടക്കും. എട്ടിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് ക്ഷേത്ര മൈതാനത്ത് പൊങ്കാല അർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പൊങ്കാല മഹോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്ന് കൊളുത്തിയ ദീപം പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നതോടെ മുഴുവൻ ഭക്തജനങ്ങൾക്കും പൊങ്കാല അർപ്പിക്കുന്നതിനുള്ള അവസരമുണ്ട്. പൊങ്കാലയർപ്പിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ക്ഷേത്രത്തിൽ നിന്ന് തന്നെ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല നിവേദ്യത്തിന് ശേഷം പ്രസാദം ഊട്ടും ഉണ്ടായിരിക്കും. മറ്റ് ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഗണപതി ഹോമം, ലളിതാസഹസ്രനാമം, കളം എഴുത്തും പാട്ടും,​ വിശേഷാൽ ദീപാരാധനകളും നടക്കും. സമാപന ദിവസമായ വ്യാഴാഴ്ച ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേശ ഗുരുതി നടക്കും.