 
 ഏരിയൽ ബഞ്ചിഡ് കേബിൾ പദ്ധതി നെടുങ്കണ്ടത്ത് നടപ്പിലാക്കുന്നു
നെടുങ്കണ്ടം: വൈദ്യുതി മുടക്കം ഇല്ലാതാക്കാൻ കെ.എസ്.ഇ.ബി ടൗണുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഏരിയൽ ബഞ്ചിഡ് കേബിൾ പദ്ധതി നെടുങ്കണ്ടത്ത് നടപ്പിലാക്കുന്നു. ഇതോടെ വൈദ്യുതി മുടക്കമില്ലാത്ത ടൗണായി നെടുങ്കണ്ടം മാറും. എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെയാണ് വേഗത്തിൽ നടപ്പിലാക്കാൻ കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം സബ് സ്റ്റേഷൻ മുതൽ നെടുങ്കണ്ടം ടൗൺ വരെയുള്ള 13 കിലോമീറ്റർ ദൂരത്തിലെ 11 കെ.വി വൈദ്യുതി കമ്പികൾ മാറ്റി പകരം എ.ബി.സി കേബിളുകൾ സ്ഥാപിക്കും. രണ്ടേകാൽ കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. നെടുങ്കണ്ടം സബ് സ്റ്റേഷൻ മുതൽ നെടുങ്കണ്ടം ടൗൺ വരെയുള്ള ഭാഗങ്ങളിൽ കേബിൾ വലിക്കുന്നതിന് നിലവിലുള്ള പോസ്റ്റുകൾ കൂടാതെ ഉയരം കൂടിയ കോൺക്രീറ്റ്, ഇരുമ്പ് പോസ്റ്റുകൾ കൂടുതൽ സ്ഥാപിക്കണം. കേബിളുകൾ തൂങ്ങി കിടക്കാതിരിക്കാൻ വേണ്ടി അടുത്ത് അടുപ്പിച്ച് പോസ്റ്റുകൾ സ്ഥാപിക്കും. കെ.എസ്.ഇ.ബി നെടുങ്കണ്ടം സെക്ഷൻ ഓഫീസിന്റെ നേതൃത്വത്തിലാണ് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കുക. ഇതിന് ശേഷം രണ്ടാം ഘട്ടമായി കേബിളുകൾ സ്ഥാപിക്കും.
13 കി.മീ, 300 പോസ്റ്റുകൾ
13 കിലോമീറ്റർ ദൂരത്തിൽ 300 പോസ്റ്റുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുക. ഇതിനായി ഒമ്പത് മീറ്റർ നീളമുള്ള 197 വാർക്ക പോസ്റ്റുകളും 11 മീറ്റർ നീളമുള്ള 50 ഇരുമ്പ് പോസ്റ്റുകളും (എ പോൾ) 12 മീറ്റർ നീളമുള്ള 53 ഇരുമ്പ് പോസ്റ്റുകളും സ്ഥാപിക്കും. വ്യാപാരികളുടെയും തദ്ദേശിയരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്ന കാലയളവിൽ നെടുങ്കണ്ടം വൈദ്യുതി മുടക്കത്തിന് കാരണമാകും.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 11 മീറ്റർ നീളമുള്ള 50 പോസ്റ്റുകൾ ഇറക്കി. ബാക്കി സാധനങ്ങൾ ഉടൻ എത്തും. പദ്ധതി കാലതാമസം കൂടാതെ ഉടനടി നടപ്പിലാക്കും.
-നെടുങ്കണ്ടം അസി. എൻജിനീയർ
കുറച്ച് ദിവസങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടക്കം ഉണ്ടാകാനുള്ള സാഹചര്യമുണ്ട്. ഇക്കാര്യം നെടുങ്കണ്ടത്തെ വ്യാപാരികളെയും മറ്റും യോഗം വിളിച്ച് വിവരങ്ങൾ ധരിപ്പിക്കും
-ധനേഷ് കുമാർ (വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി)