പീരുമേട്: കൊക്കയാർ ദുരന്തത്തിൽ നഷ്ടം സംഭവിച്ചവർക്കെല്ലാം സർക്കാർ ആശ്വാസമേകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണം പ്രഖ്യാപനവും നഷ്ടപ്പെട്ട ആധാർ രേഖകൾക്ക് പകരമുള്ളവയുടെ സൗജന്യ വിതരണവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കൊക്കയാറിൽ ഇനിയും സഹായം ലഭിക്കേണ്ട ആരെങ്കിലും ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി അദാലത്ത് നടത്താൻ മന്ത്രി കളക്ടർക്ക്‌ നിർദ്ദേശം നൽകി. 702 അപേക്ഷയാണ് കൊക്കയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. ഇതിൽ 629 കേസ് പരിശോധിച്ചതിൽ 552 എണ്ണം അംഗീകരിച്ചു. വീട് പൂർണമായി തകർന്ന ഒമ്പത് അപേക്ഷയും ഭൂമിയും വീടും തകർന്ന അപേക്ഷയിൽ 102 ൽ 63 എണ്ണവും അംഗീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2021 ഒക്ടോബർ 16ന് കൊക്കയാറുണ്ടായ ദുരന്തത്തിൽ ഒമ്പത് പേരുടെ ജീവൻ നഷ്ടമായി. നിരവധി വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. ചടങ്ങിൽ വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജനി ജയകുമാർ, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി, വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്, കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ. ഡാനിയേൽ, കളക്ടർ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ എന്നിവർ പങ്കെടുത്തു.