മുട്ടം: ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ജഡ്ജ് പി.​എസ്. ശശികുമാർ തള്ളി. ജെറിൻ ജോജോ, ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ്, സോയിമോൻ സണ്ണി എന്നീ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ വെള്ളിയാഴ്ച വാദം കേട്ടെങ്കിലും വിധി പറയാൻ ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു. ഒന്നാം പ്രതി നിഖിൽ പൈലി ഇതുവരെ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടില്ല. ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായിച്ചു എന്നതായിരുന്നു ഇവർക്കെതിരായ കുറ്റം. കൃത്യത്തിൽ നേരിട്ട് പങ്കില്ലാത്തതിനാലാണ് ഏഴും എട്ടും പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. സുനിൽ ദത്ത് കോടതിയിൽ ഹാജരായി.