ഇടുക്കി : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കമ്പോളങ്ങളെക്കുറിച്ചുള്ള സർവ്വെയുടെ വിവരശേഖരണം ആരംഭിച്ചു. കാർഷികമേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും കുറിച്ചുള്ള സമഗ്രപഠനമാണ് നടത്തുന്നത്. കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്ന മൊത്ത/ചില്ലറ വ്യാപാര കമ്പോളങ്ങളുടെ മേൽവിലാസപ്പട്ടിക തയ്യാറാക്കുക, അടിസ്ഥാന സൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും ലഭ്യത മനസ്സിലാക്കുക, വ്യാപാരികൾ ആശ്രയിക്കുന്ന സംഭരണശാലകളുടെ വിവരം തയ്യാറാക്കുക, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരശേഖരണം, കാർഷിക ഉത്പ്പന്നങ്ങളുടെ വിപണനരീതി മനസ്സിലാക്കുക, മാർക്കറ്റ് ഇന്റലിജൻസ് വിഭാഗം ശക്തിപ്പെടുത്തുക എന്നിവ സർവ്വെയുടെ പ്രധാന ലക്ഷ്യം. കമ്പോളങ്ങളിൽ വിപണനം നടക്കുന്ന സമയം, പ്രാദേശികമായും അയൽജില്ല/ അയൽസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വരുന്ന കാർഷിക ഉത്പ്പന്നങ്ങളുടെ വിവരശേഖരണം, കമ്പോളത്തിൽ മാസംതോറും വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ അളവ് എന്നിവയുടെ വിവരശേഖരണവും സർവെയിലൂടെ ശേഖരിക്കും.
പഠന മാർച്ച് 31 വരെയാണ്. വകുപ്പിന്റെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരാണ് ഫീൽഡിൽ നിന്നും വിവരശേഖരണം നടത്തുന്നത്. സർവ്വെ വിജയകരമായി പൂർത്തീകരിക്കുന്നതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൽ നിന്നും വിവരശേഖരണത്തിനെത്തുന്ന ഉദ്യോഗസ്ഥർക്ക് ക്യത്യമായി വിവരങ്ങൾ നൽകി ആസൂത്രണ വികസന പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു.