വിമർശനം ഉടുമ്പൻചോല താലൂക്ക് വികസന സമിതി യോഗത്തിൽ
നെടുങ്കണ്ടം: പൊൻമുടി അണക്കെട്ടിന് സമീപത്തെ ഭൂമി ഹൈഡൽ ടൂറിസം പദ്ധതിക്കായി കെ.എസ്.ഇ.ബി പാട്ടത്തിന് നൽകിയ സംഭവത്തിൽ റവന്യൂ വകുപ്പ് അനാവശ്യ വിവാദം സൃഷ്ടിച്ചെന്ന് ഉടുമ്പൻചോല താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. എം.എം. മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ എം.എസ്. സതിയാണ് വിഷയത്തിൽ റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തിയത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കാനായി ഭൂമി പാട്ടത്തിന് നൽകിയത്. ജില്ലയിലെ ഹൈഡൽ ടൂറിസം പദ്ധതികൾ വിവാദത്തിലായതോടെ പൊൻമുടിയിൽ കെ.എസ്.ഇ.ബി നൽകിയ ഭൂമി റവന്യൂ ഭൂമിയാണെന്ന ഉടുമ്പൻചോല തഹസിൽദാരുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി അളക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതർ തടഞ്ഞതും വിവദമായിരുന്നു. ഈ സാഹചര്യത്തിലാണ് എം.എസ്. സതി താലൂക്ക് വികസന സമിതിയിൽ ആരോപണം ഉന്നയിച്ചത്. എന്നാൽ റവന്യൂ ഭൂമി കെ.എസ്.ഇ.ബി കൈവശം വച്ചതിൽ വകുപ്പിന് എതിർപ്പില്ലെന്നും പാട്ടത്തിന് നൽകാൻ നിയമപരമായ അധികാരം കെ.എസ്.ഇ.ബി.ക്ക് ഇല്ലെന്നും തഹസിൽദാർ പറഞ്ഞു. വിഷയത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരണമാണ് റവന്യൂ വകുപ്പ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതെന്നും തഹസിൽദാർ യോഗത്തിൽ അറിയിച്ചു.
നെടുങ്കണ്ടം പൊലീസിന്റെ പിടിവാശി മൂലം കിഴക്കേക്കവലയിൽ ഓപ്പൺ സ്റ്റേജിന്റെയും ഹോർട്ടികോർപ്പ് കെട്ടിടത്തിന്റെയും നിർമാണം വൈകുന്നത് യോഗം വീണ്ടും ചർച്ച ചെയ്തു. നിർമാണം നടത്തേണ്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ട്രാൻസ്‌ഫോർമർ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റുന്നതിന് പൊലീസ് തടസം നിൽക്കുകയാണ്. ഇത് സംബന്ധിച്ച് കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിന്റെ തീരുമാന പ്രകാരം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർനടപടികളുമായി മുന്നോട്ട് പോവാൻ യോഗം തീരുമാനിച്ചു. നിർമാണം പുരോഗമിക്കുന്ന നെടുങ്കണ്ടത്തെ ജില്ലാ ആശുപത്രി കെട്ടിടത്തിലേക്കുള്ള വഴിയുടെ വീതി കൂട്ടുന്നതിനായി ജി.എസ്.ടി, റവന്യൂ വകുപ്പുകളുടെ ഭൂമി ആശുപത്രിക്ക് വിട്ട് നൽകുന്നത് സംബന്ധിച്ചും യോഗം ചർച്ചചെയ്തു. പാമ്പാടുംപാറയിൽ ഹൈമാസ്റ്റ് ലൈറ്റും സി.ഡി.എം കൗണ്ടറും സ്ഥാപിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇത് സംബന്ധിച്ച് പഞ്ചായത്തിനും ലീഡ് ബാങ്കിനും കത്ത് നൽകാൻ യോഗം തീരുമാനിച്ചു. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ നിജു കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. സതി, ശോഭന വിജയൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.സി. അനിൽ, ആർ. ബാലൻപിള്ള, ബേബിച്ചൻ ചിന്താർമണി, പി.എം. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.