തൊടുപുഴ: വേനൽ കടുത്തതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ നൂറ് കണക്കിന് പുൽമേടുകളും ഹെക്ടർ കണക്കിന് വന മേഖലയുമാണ് കാട്ടുതീ വിഴുങ്ങിയത്. വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം അടിമാലി,​ ദേവികുളം പ്രദേശങ്ങളിൽ എട്ടേക്കറോളം വനം ഭൂമി ഒരാഴ്ചക്കിടെ കത്തി നശിച്ചിട്ടുണ്ട്. ലോറേഞ്ചിൽ ജനവാസ മേഖലകളിലും തീപിടിത്തം വ്യാപകമായിട്ടുണ്ട്. ദിവസങ്ങളായി കാട്ടുതീ പ്രതിരോധിക്കാനുള്ള ഓട്ടത്തിലാണ് വനംവകുപ്പും അഗ്നിരക്ഷാസേനയുമെങ്കിലും ഇവരെക്കൊണ്ട് പലപ്പോഴും പൂർണ തോതിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നില്ല. വേനൽ കടുക്കുന്നതോടെ എല്ലാ വർഷവും ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പതിവാണ്. എല്ലാവർഷവും കാട്ടുതീ പ്രതിരോധിക്കാൻ ഫയർ വാച്ചർമാരെ നിയോഗിക്കുകയും ഫയർലൈൻ തെളിക്കുകയും ചെയ്യാറുണ്ട്. പക്ഷേ,​ കാട്ടു തീ നിയന്ത്രണം ഇതുകൊണ്ട് മാത്രം സാധ്യമാകാത്ത സ്ഥിതിയാണ്. വനസംരക്ഷണ സമിതിക്കാണ് ഫയർലൈൻ തെളിക്കുന്നതിന്റെയും തീ അണയ്ക്കുന്നതിന്റെയും ചുമതല. പലപ്പോഴും കാട്ടുതീ വനാതിർത്തി കടന്ന് ജനവാസ മേഖലകളിലേക്കെത്തുന്നതോടെ ഭീതി വിതയ്ക്കാറുണ്ട്. പീരുമേട്, അടിമാലി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, നേര്യമംഗലം, രാജാക്കാട്, വണ്ടിപ്പെരിയാർ, മൂലമറ്റം, മുട്ടം മേഖലകളിൽ എല്ലാവർഷവും കാട്ടുതീ പതിവാണ്.

'തീ" തിന്ന് കർഷകർ
വനമേഖലയോടും മറ്റും ചേർന്ന് കൃഷി ചെയ്തവർ വലിയ ആശങ്കയിലാണ്. പട്ടയ മേഖലയല്ലാത്തതിനാൽ കൃഷിഭൂമി കാട്ടുതീയിലകപ്പെട്ടാൽ ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാറുമില്ല. മലയോരങ്ങളിലും മറ്റും തീ പടരുമ്പോൾ കിലോമീറ്ററുകൾ താണ്ടി ഫയർഎൻജിൻ ഇവിടെ എത്തുമ്പോഴേക്കും തീ പിടുത്തമുണ്ടായ ഭാഗം പൂർണമായി കത്തി നശിച്ച് കഴിഞ്ഞിരിക്കും. ബുധനാഴ്ച ഏഴല്ലൂർ മലയിലും വ്യാഴാഴ്ച നെടുങ്കണ്ടം ബേഡ് മെട്ടിലും മുട്ടത്തിന് സമീപം കൊല്ലംകുന്നിലും ഉണ്ടായ കാട്ടു തീ ഏറെ പ്രയാസപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. കൊല്ലം കുന്ന് മലയിൽ ഏക്കർകണക്കിന് മരങ്ങളാണ് കത്തി നശിച്ചത്.


കത്തിയമരുന്നത് ജൈവസമ്പത്ത്
അപൂർവ ജൈവസമ്പത്തിനും വന്യമൃഗങ്ങൾക്കും കാട്ടുതീ സൃഷ്ടിക്കുന്ന ഭീഷണി കനത്തതാണ്. കത്തിനശിച്ച പ്രദേശത്തെ മണ്ണിന്റെ സ്വാഭാവിക ജൈവാവസ്ഥ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്താറുണ്ടെങ്കിലും പലപ്പോഴും ഫലവത്താകാറില്ല. കൃത്യമായ ഫയർലൈൻ തെളിക്കലും ഉദ്യോഗസ്ഥ നിരീക്ഷണവും വ്യാപിപ്പിച്ചാൽ ഒരു പരിധിവരെ കാട്ടുതീ തടയാൻ കഴിയുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വനമേഖലകളിൽ കാട്ടുതീ വ്യാപകമായതോടെ വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയും താളം തെറ്റിയിട്ടുണ്ട്. കരടി, പുലി, കാട്ടാന തുടങ്ങിയ വന്യ ജീവികൾ അടുത്തിടെ ജന വാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിന് ഇതും കാരണമാണ്.

തീയിടുന്നവരിൽ സാമൂഹ്യ വിരുദ്ധരും
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വനസമ്പത്ത് വിഴുങ്ങി വ്യാപകമാകുന്ന കാട്ടുതീക്ക് പിന്നിൽ സാമൂഹ്യ വിരുദ്ധരടക്കമുള്ള ഗൂഢസംഘങ്ങളും ഉണ്ടെന്നാണ് വനം വകുപ്പിന്റെ വിലയിത്തൽ. ഹൈറേഞ്ച് മേഖലകളിലുണ്ടാകുന്ന 80 ശതമാനം കാട്ടുതീയും വേനലിന്റെ മറവിൽ സാമൂഹികവിരുദ്ധർ ബോധപൂർവം സൃഷ്ടിക്കുന്നതാണത്രേ. പുൽമേടുകളിൽ തീയിട്ടാൽ അടുത്തവർഷം കൂടുതൽ പുല്ലുണ്ടാകുമെന്നറിയാവുന്നവരും പാറമട ലോബിയുമൊക്കെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് വിവരം. ഇതുകൂടാതെ ചെറിയ കാട്ടുജീവികളെ പിടികൂടുന്നവരും തീയിടലിന് പിന്നിലുണ്ട്. മുയൽ, മുള്ളൻപന്നി തുടങ്ങിയ ചെറിയ മൃഗങ്ങളെ പിടികൂടാനുള്ള സൗകര്യത്തിനാണ് ഇത്.