
തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് കർഷകരെ സഹായിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന അഗ്രോ ക്ലിനിക്കുകളുടെ പ്രവർത്തനം സ്തംഭിച്ചു. അംഗൻവാടികൾ, ലൈബ്രറികൾ, സാക്ഷരത തുടർവിദ്യാ കേന്ദ്രങ്ങൾ, സാംസ്ക്കരിക ക്ലബ്ബുകൾ മറ്റ് പൊതു കേന്ദ്രങ്ങൾ എന്നിങ്ങനെ സ്ഥാപനങ്ങളിലാണ് അഗ്രോ ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നത്. ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾക്ക് രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധനങ്ങളും ഒരുക്കിയിരുന്നു. എന്നാൽ മിക്കവാറും സ്ഥലങ്ങളിൽ അഗ്രോ ക്ലിനിക്കുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. വാർഡ് മെമ്പർ അദ്ധ്യക്ഷരായ സമിതിയുടെ നേതൃത്വത്തിലാണ് ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഓരോ വാർഡിലും അഗ്രോ ക്ലിനിക്കുകൾ സജ്ജമായിരുന്നു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായ സമിതിക്കാണ് പ്രവർത്തന ചുമതല.
ഹൈറേഞ്ച് പോലുള്ള പ്രദേശങ്ങളിൽ കർഷകർക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി കിലോമീറ്ററുകൾ അകലെയുള്ള കൃഷി ഭവനുകകിൽ എത്തിച്ചേരുക ഏറെ ദുഷ്ക്കരമാണ്. ചില സ്ഥലങ്ങളിൽ ഒന്നും രണ്ടും ബസ് കയറി വേണം കൃഷി ഭവനുകളിൽ എത്തിപ്പെടാൻ. മാത്രമല്ല; കർഷകർക്ക് ഒരു ദിവസംവേണം വന്ന്പോകാൻ. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കുന്നതുൾപ്പടെ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പദ്ധതിയാണ് നിലച്ചത്.
.
കർഷക കൂട്ടായ്മകൾരംഗത്ത്.........
കർഷകരെ സഹായിക്കാൻ വാർഡുകളിൽ പ്രവർത്തിച്ചിരുന്ന അഗ്രോ ക്ലിനിക്കുകൾ പുന: പ്രവർത്തിപ്പിക്കാൻ പ്രാദേശിക കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധികൃതരുടെ യോഗം ഉടൻ വിളിച്ച് ചേർക്കും. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച്ച വൈകിട്ട് തൊടുപുഴ നഗരസഭ ഗ്രൗണ്ടിൽ കർഷകരുടെ യോഗം ചേരും.
ലക്ഷ്യം മഹത്തരം,
നിലച്ചത് മഹാ കഷ്ടം
കർഷകർക്ക് ആവശ്യമായ കാർഷിക നിർദേശങ്ങൾ നൽകുക, മിതമായ നിരക്കിൽ യന്ത്ര സഹായങ്ങൾ ലഭ്യമാക്കൽ, വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കർഷക കൂട്ടായ്മകൾ രൂപീകരിക്കുക, കർഷകർ ഒത്ത് ചേർന്ന് വാർഡ് തലത്തിലുള്ള കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യുക, തദ്ദേശ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, മറ്റ് വികസന ഏജൻസികൾ എന്നിവ നടപ്പിലാക്കുന്ന പദ്ധതികൾ അഗ്രോ ക്ലിനിക്കുകളിലൂടെ കർഷകർക്ക് എത്തിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് അഗ്രോക്ലിനിക്കുകൾ രൂപീകരിച്ചത്.