മുട്ടം: പശു റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് പ്രയോഗിച്ചതിനെ തുടർന്ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 9.15ന് പെരുമറ്റം ജംഗ്ഷന് സമീപമായിരുന്നു അപകടം. മലങ്കര റബ്ബർ തോട്ടത്തിൽ നിന്ന് അപ്രതീക്ഷിതമായി പശു സംസ്ഥാന പാതയുടെ കുറുകെ ചാടുകയായിരുന്നു. പശു പെട്ടെന്ന് റോഡിലേക്ക് കയറുന്നതു കണ്ട തൊടുപുഴ ഭാഗത്തേക്ക് വന്ന കാർ ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തി. ഇതോടെ തൊട്ടു പിന്നിൽ വരികയായിരുന്ന മറ്റൊരു കാർ മുന്നിൽ ഉണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. പെട്ടെന്ന് കാർ നിർത്തിയതിനാൽ പശു രക്ഷപ്പെട്ടു. കൂട്ടിയിടിച്ച കാറുകൾക്ക് സാരമായ കേട് സംഭവിച്ചു. ആർക്കും പരിക്കില്ല.