ഇടുക്കി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 14-ാമത് ജില്ലാ സമ്മേളനം മൂന്നാറിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്യും. എ. രാജ എം.എൽ.എ സംസാരിക്കും. ജില്ലാ സെക്രട്ടറി എസ്. സിജോ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. സംസ്ഥാന ഭാരവാഹികളായ വി.ബി. പത്മകുമാർ, എൻ. സനിൽ ബാബു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്നാർ ഗ്രീൻ റിഡ്ജ് ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. 28, 29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കു ചേരുന്നുണ്ട്. ബാങ്കിംഗ് രംഗം അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. പൊതമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വൻകിട കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, ബാങ്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് അനുവദിക്കുക, ഇടപാടുകാർക്ക് ചുമത്തുന്ന അമിത സർവീസ് ചാർജ് പിൻവലിക്കുക, ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രചരണപ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകും.