ചെറുതോണി: മുഖ്യമന്ത്രി പിണറായി വിജയൻ അനിയൻ ബാവയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചേട്ടൻ ബാവയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് ജില്ലാ കമ്മിറ്റി ചെറുതോണിയിൽ നടത്തിയ ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും കേന്ദ്രത്തിലും ജനാധിപത്യ ഭരണമല്ല നടക്കുന്നത്. പിണറായി വിജയനെതിരെ ഏഴ് ഏജൻസികൾ അന്വേഷിച്ചിട്ടും നടപടിയുണ്ടായില്ല. ഇടുക്കിയിൽ കോൺഗ്രസ് തിരിച്ചു വരും. അഞ്ച് മണ്ഡലങ്ങളും തിരികെ പിടിക്കും. ധീരജ് വധക്കേസിലെ യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കണം. ധീരജിന്റെ മാതാപിതാക്കൾ കോൺഗ്രസ്‌കാരാണ്. ഇവരുമായി സംസാരിച്ചു. യഥാർത്ഥ പ്രതികളെ രംഗത്ത് കൊണ്ടു വരുമെന്ന് അവർക്ക് വാക്ക് നൽകി. ബി.ജെ.പിയുടെ വളർച്ച നാടിനാപത്താണ്. സി.പി.എമ്മിന്റെ പതാക ഉയർന്ന ഓഫീസുകളിൽ ഇപ്പോൾ ബി.ജെ.പിയുടെ കൊടികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബഹുജന സംഗമത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എസ്. അശോകൻ, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഇ.എം. ആഗസ്തി, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, എം.എൻ. ഗോപി, ജോസി സെബാസ്റ്റ്യൻ, ഇന്ദു സുധാകരൻ, എ.കെ. മണി, എം.ഡി. അർജുനൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവർ സംസാരിച്ചു.