തൊടുപുഴ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ഡീൻ കുര്യാക്കോസ് എം.പി. അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ മതേതര സാമൂഹിക രാഷ്ട്രീയ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിനും യുഡിഎഫിനും മാത്രമല്ല കേരളത്തിലെ പൊതുമണ്ഡലത്തിന് ആകെ നിസ്തുലമായ സേവനം അർപ്പിച്ച അദ്ദേഹം സൗമ്യവും വിനയാന്വിതവുമായ പെരുമാറ്റവും കൊണ്ട് ഏവരെയും ആകർഷിച്ചു. സമുദായത്തിന്റെ ഉന്നമനത്തോടൊപ്പം തന്നെ പൊതു സമൂഹത്തിന്റെയാകെ മതേതര മനസ്സിനെ ഉജ്ജീപ്പിക്കാൻ കരുത്തുറ്റ നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും എംപി പറഞ്ഞു.
മുസ്ളിം ലീഗ് ജില്ലാ കമ്മറ്റി
തൊടുപുഴ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം തീരാ നഷ്ടമെന്ന് മുസ് ളിം ലീഗ് ജില്ലാ കമ്മിറ്റി.അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യ ചേരിയെ മുന്നിൽ നിന്ന് നയിക്കുകയും സമുദായങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്ത തങ്ങൾ മാനവികതയുടെ സന്ദേശവാഹകനായിരുന്നു. ഏത് പ്രശ്‌നങ്ങളെയും സൗമ്യമായ പുഞ്ചിരി കൊണ്ട് നേരിട്ട തങ്ങൾ നാടിന്റെ നന്മക്കായുള്ള പ്രകാശഗോപുരമായിരുന്നു.മലയോര ജില്ലയോട് പ്രത്യേക താല്പര്യം പുലർത്തിയ തങ്ങൾ നിരവധി തവണ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ , സാമൂഹിക മേഖലകളിൽ അദ്ദേഹം പകർന്നു നൽകിയ തെളിമയാർന്ന ആദർശവും പ്രവർത്തന മാതൃകയും ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം, സെക്രട്ടറിയേറ്റ് മെമ്പർ കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, ജന.സെക്രട്ടറി പി എം അബ്ബാസ്, ട്രഷറർ കെ.എസ് സിയാദ് എന്നിവർ പറഞ്ഞു.
എസ് വൈ എസ് മലങ്കര യൂണിറ്റ്
മുട്ടം: പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങളുടെ വേർപാടിൽ എസ് വൈ എസ് മലങ്കര യൂണീറ്റ് അനുശോചിച്ചു. ഹിലാൽ ഹൈത്തമി ഉസ്താദ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി സി എച്ച് ഇബ്രാഹിം കുട്ടി, യൂണീറ്റ് പ്രസിഡന്റ് കെ എ ഹൈദ്രു എന്നിവർ സംസാരിച്ചു.