erumadam
മേമാരിയ്ക്ക് സമീപം വനത്തിൽ ഉയർന്ന പ്രദേശത്ത് വനപാലകർ സ്ഥാപിച്ചിരിക്കുന്ന ഏറുമാടം

കട്ടപ്പന :കാട്ടുതീ തടയുവാൻ ഉയർന്ന വനപ്രദേശത്ത് മരത്തിൽ ഏറുമാടം നിർമ്മിച്ചിരിക്കുകയാണ് വനപാലകർ.ഉപ്പുതറ കിഴുകാനം റേഞ്ചിലെ ഉദ്യോഗസ്ഥരാണ് കാട്ടുതീ പടരുന്നത് വേഗത്തിൽ കണ്ടെത്താൻ ഉയരം കൂടിയ വനമേഖലയിൽ ഏറുമാടം സ്ഥാപിച്ചത്.വെയിലിന്റെ കാഠിന്യം വർദ്ധിച്ച സാഹചര്യത്തിൽ വനമേഖലകളിൽ തീ പടരുന്നത് കൂടിയിട്ടുണ്ട്.ഈ സാഹചര്യം മനസ്സിലാക്കിയാണ് വനപാലകർ ഇടുക്കി വനത്തിലെ ഉൾപ്രദേശമായ മേമാരിക്ക് സമീപം ചൊറിയൻതണ്ടിൽ ഏറുമാടം തയ്യാറാക്കിയത് കണ്ണംപടി മേമാരി ആദിവാസി മേഖലകളിൽ വേനൽകാലത്ത് കാട്ടു തീ നിയന്ത്രണാതീതമായി പടരാറുണ്ട്.തീ പിടുത്തം തടയുന്നതിനായി ആദിവാസികളെ ഉൾപ്പെടുത്തി 400 അംഗ സന്നദ്ധ സേനയ്ക്കും വനപാലകർ രൂപം നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ഏറുമാടവും നിർമ്മിച്ചിരിക്കുന്നത്.6 പേർക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് രൂപ കൽപ്പന.മുളകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നുള്ള രക്ഷയ്ക്കാണ് ഉയരം കൂടിയ മരം തിരഞ്ഞെടുത്തിരിക്കുന്നത്.ആദിവാസിക്കുടിയിൽ നിന്നുള്ള സന്നദ്ധ സേനയിലെ അംഗമായ രാമനാണ് ഏറുമാടം നിർമ്മിച്ച് നൽകിയത്.തീ പടരുന്നത് തടയാൻ മുഴുവൻ സമയവും ഇവിടെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇടുക്കി വനത്തിന്റെ മനോഹാരിതയും,ജലാശയത്തിന്റെ കാഴ്ചകളും,മതിൽ കെട്ടുപോലെ നിലയുറപ്പിച്ചിരിക്കുന്ന കല്യാണതണ്ട് മല നിരകളും ഏറുമാടത്തിൽ കയറിയാൽ കാണാൻ സാധിക്കും.