paalam
ബലപ്പെടുത്തൽ പൂർത്തിയാക്കിയ ഉപ്പുതറ വലിയ പാലം

കട്ടപ്പന : കൊച്ചി തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ വലിയ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.2018 ലെയും 2019 ലെയും പ്രളയങ്ങളിലാണ് പാലത്തിന്റെ ഇരുപത് തൂണുകൾക്ക് ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായത്.വെള്ളപ്പാച്ചിലിൽ കുത്തിയൊഴുകി എത്തിയ വലിയ തടിക്കഷ്ണങ്ങളും,കല്ലുകളുമിടിച്ചാണ് തൂണുകളിലെ കോൺക്രീറ്റ് ഉൾപ്പടെ ഇളകിപ്പോയത്.പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച നാലു പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് 2020 ൽ 2.03 കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ ഉപ്പുതറ പാലത്തിന്റെ തകർന്ന കൈവരികൾ നന്നാക്കി പെയിന്റടിച്ചതല്ലാതെ മറ്റൊരു പണിയും നടത്തിയില്ല.എസ്റ്റിമേറ്റിലെ അപാകത മൂലം ഫണ്ട് തികഞ്ഞില്ല എന്നാണ് ഉദ്യോഗസ്ഥർ നൽകിയ മറുപടി.പാലത്തിന്റെ അപകടാവസ്ഥ മാധ്യമ വാർത്തയായതോടെയാണ് എം എൽ എ ഇടപെട്ട് ബലപെടുത്തൽ നടപടി വേഗത്തിൽ പൂർത്തീകരിച്ചത്.ഉപ്പുതറ പാലത്തിന് മാത്രമായി പ്രത്യേക ഫണ്ട് സർക്കാരിൽ നിന്ന് ലഭ്യമാക്കിയാണ് നവീകരിച്ചത്.പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗമാണ് പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തിയത്.


• ഇരു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം

1980 കാലഘട്ടത്തിലാണ് മുല്ലപ്പെരിയാർ ഡാമിലെ ജലം ഉൾപ്പടെ ഒഴുകുന്ന പെരിയാർ നദിയ്ക്ക് കുറുകെ ഉപ്പുതറ അയ്യപ്പൻ കോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിർമ്മിച്ചത്.വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി കൊച്ചി സംസ്ഥാന പാതയുടെ ഭാഗം കൂടിയാണ് വലിയ പാലം .ഭാരവാഹനങ്ങൾ ഉൾപ്പടെ നൂറു കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന തിരക്കേറിയ പാത കൂടിയാണ്.പാലം ബലപ്പെടുത്തൽ പൂർത്തീകരിച്ചതോടെ അപകട ഭീഷണിയും ഇല്ലാതായി.