
ഇടുക്കി: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് 'ഏർലി അക്‌സസ് ടു ജസ്റ്റിസ് പ്രോട്ടോകോൾ' എന്ന വിഷയത്തെ ആസ്പദമാക്കി സ്‌പെഷ്യൽ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ. ടി നിസാർ അഹമ്മദ് ട്രെയിനിംഗിന് നേതൃത്വം നൽകി. ജില്ലാ സെഷൻസ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനുമായ ശശി കുമാർ പി. എസ്. ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി അദ്ധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ്. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി. എ സിറാജുദീൻ, മൂന്നാർ ഡി വൈ .എസ് പി കെ.ആർ മനോജ്, കട്ടപ്പന ഡി വൈ .എസ് പി നിഷാദ്‌മോൻ എന്നിവർ സംസാരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, മൂന്നാർ പൊലീസ് ട്രെയിനിംഗ് ഹാൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച പ്രോഗ്രാമിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
അഭിഭാഷകന്റെ
സേവനം ലഭ്യമാക്കും
പൊലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനത്തിന് നിയമപരമായ സഹായം നൽകുന്നതിന് സൗജന്യമായി ഒരു അഭിഭാഷകന്റെ സേവനം ഉറപ്പാക്കുക എന്നതാണ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ലക്ഷ്യം. പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ആവശ്യമായ സേവനം നൽകുന്നതിന് വേണ്ടിയുള്ള അഭിഭാഷകരുടെ പാനൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. പൊതുജനത്തിന് സേവനം ആവശ്യമായി വരുന്ന സാഹചര്യത്തിൽ പാനലിലുള്ള അഭിഭാഷകനെ വിവരം അറിയിക്കാനുള്ള ചുമതല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ്.