 
തൊടുപുഴ: കാളിയാർ ജില്ലാ ഫോറൻസിക് ലബോട്ടറിയുടെ ഉദ്ഘാടനവും മുട്ടം ക്രൈംബ്രാഞ്ച് ഓഫീസിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.ദൈനംദിന ജീവിതത്തിൽ ജനകീയ സേനയായി പൊലീസ് മാറുന്നതിന് സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയുടെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ ജോസഫ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായായിരുന്നു.
കാളിയാർ ജില്ലാ ഫോറൻസിക് ലബോട്ടറി അങ്കണത്തിൽ ചേർന്ന പ്രാദേശിക യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി , വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ, തൊടുപുഴ ഡിവൈ.എസ് .പി എ.ജി ലാൽ, ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ സൂസൻ ആന്റണി, ത്രിതല പഞ്ചായത്തംഗങ്ങളായ ഷിൻസി റെജി, റഹിമ പരീദ്, കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ ഹണി എന്നിവർ സംസാരിച്ചു.
മുട്ടം ക്രൈബ്രാഞ്ച് ഓഫീസ് ശിലാസ്ഥാപന പ്രാദേശിക യോഗത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അരുൺ ചെറിയാൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അഗസ്റ്റിൻ മാത്യു, ത്രിതല പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേസന്വേഷണത്തിന്
വേഗതകിട്ടും
ഒരു കോടി 55 ലക്ഷം ചെലവിട്ടാണ് കാളിയാർ ജില്ലാ ഫോറൻസിക് ലാബോട്ടറി തയ്യാറാക്കിയിട്ടുള്ളത്. 1500 ചതുരശ്ര അടിവിസ്തീർണ്ണത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ കെമിക്കൽ ലാബ്, ബയോളജി ലാബ്, ഫിസിക്‌സ് ലാബ് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കാളിയാറിലും ആരംഭിച്ചത്. ഫോറൻസിക് ലാബ് പ്രവർത്തന സജ്ജമാകുന്നതോടെ കേസന്വേഷണത്തിൽ ശാസ്ത്രിയ തെളിവുകളുടെ ഫലനിർണ്ണയം വേഗത്തിലാവുകയും കോടതിയിൽ പെട്ടന്ന് കുറ്റപത്രം സമർപ്പിക്കാനും പൊലീസിന് സാധിക്കും. ഇതിലൂടെ ഇരകൾക്ക് കാലതാമസമില്ലാതെ നീതി ഉറപ്പാക്കുകയും ചെയ്യും.