ഇടുക്കി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഇൻഫർമേഷൻ ഓഫിസ് സംഘടിപ്പിക്കുന്ന തനത് കലാസാംസ്‌കാരിക പ്രഭാഷണ ബുധനാഴ്ച്ച രാവിലെ 11.30ന് ചെറുതോണി ജില്ലാ പോലിസ് സൊസൈറ്റി ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഭരണഘടനയും ദേശീയതയും എന്ന വിഷയത്തിൽ അദ്ധ്യാപകനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.
ഛത്തിസ്ഗഢിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യൂ വരിച്ച സി.ആർ.പി.എഫ് ജവാൻ ഒ.പി സാജു വിന്റെ സഹധർമ്മിണി സുജ സാജുവിനെ ചടങ്ങിൽ ആദരിക്കും. റിട്ട: സൂബേദാർ കെ.കെ.എ ഉണ്ണിക്യഷ്ണൻ ആചാരി യുദ്ധ അനുഭവങ്ങൾ പങ്ക് വെയ്ക്കും.
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, നെടുങ്കണ്ടം എം.ഇ.എസ് കോളേജ് ചരിത്ര അദ്ധ്യാപകൻ കെ ഷെരീഫ് എന്നിവർ പ്രഭാഷണം നടത്തും. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്യവും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും കലാഭവൻ ഫൗണ്ടേഷന്റെ ഫോക്ലോർ അവാർഡ് ജേതാവ് നോജ് ഏലപ്പാറയുടെ പരുന്താട്ടവും വേദിയിൽ അരങ്ങേറും. ഓൺലൈൻ മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകും.
എം.എൽ.എമാരായ എം.എം മണി, പി.ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ. രാജ, ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹൻകുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു. പി. ജേക്കബ്, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ഡോ. സാബു വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മെമ്പർ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ഗ്രാമപഞ്ചായത്ത് അംഗം നിമ്മി ജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ തുടങ്ങി വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരും കലാ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.