നെടുങ്കണ്ടം :സർക്കാർ ഉത്തരവില്ലാതെ ഏലം പട്ടയഭൂമിക്ക് കൈവശരേഖ നൽകാനാവില്ലെന്ന് തഹസിൽദാർ ഉടുമ്പൻചോല താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചു. ഭവനപദ്ധതികൾ പ്രകാരം വീട് നിർമിക്കാൻ സർക്കാർ ഏലം പട്ടയഭൂമിയിൽ കൈവശരേഖ ലഭിക്കാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ടായിരുന്നു. . നെടുങ്കണ്ടം താലൂക്ക് ആശുപത്രി കെട്ടിടത്തിലേക്കുള്ള വഴിയുടെ വീതി കൂട്ടുന്നതിനായി സെയിൽ ടാക്‌സ്, റവന്യൂ വകുപ്പ് എന്നിവയുടെ ഭൂമി വിട്ടുനൽകുന്നതിനെക്കുറിച്ചും ആവശ്യമുയർന്നു. പാമ്പാടുംപാറയിൽ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിക്കുക, സിഡിഎം എടിഎം കൗണ്ടർ സ്ഥാപിക്കാൻ നടപടി വേണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് ഇത് സംബന്ധിച്ച് പഞ്ചായത്തിനും ലീഡ് ബാങ്കിനും കത്ത് നൽകാൻ യോഗംതീരുമാനിച്ചു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.എം.ആന്റണി, വി.സി.അനിൽ, ആർ.ബാലൻപിള്ള, ബേബിച്ചൻ ചിന്താർമണി, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.