ഞാൻ മരിച്ച് കിടക്കുമ്പോൾ നീ എന്നെ തന്നെ നോക്കിയിരിക്കണം.ആ ദിവസം ഒരു തിരക്കും പാടില്ല.ചുറ്റും നിൽക്കുന്നവരെ ശ്രദ്ധിക്കുകയേ വേണ്ടാ.അവരെ ഇനിയും കാണാമല്ലോ.ഞാൻ യാത്രക്ക് ഒരുങ്ങുവല്ലേ.കുറച്ച് നിമിഷങ്ങൾ മാത്രമേ എനിക്കുള്ളൂ.എനിക്ക് നിന്നോട് പറയാൻ എന്തൊക്കെയോ ബാക്കി നിൽക്കുന്നു.ചില കാര്യങ്ങൾ നിന്നിൽ നിന്നും ഞാൻ മറച്ച് വെച്ചു. ചിലത് കേൾക്കാൻ നീ കൂട്ടാക്കിയില്ല.നിന്റെ നെഞ്ചിൽ തല ചായ്‌ച്ച് ആ രോമ കൂപങ്ങൾക്കിടയിലൂടെ വിരലോടിച്ച് ആ നിഷ്‌കളങ്കമായ കണ്ണുകളിലേക്ക് നോക്കിയിരിക്കാൻ ഞാൻ ഒരുപാട് കൊതിച്ചു.ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ നീ ഒറ്റപ്പെട്ടു പോകും എന്ന് ഞാൻ വിചാരിച്ചു.പക്ഷേ; ഞാൻ കൂടെയുള്ളതായി നീ അറിഞ്ഞില്ല.എന്റെ പിണക്കങ്ങളിൽ... വഴക്കുകളിൽ... ദേഷ്യപ്പെടലുകളിൽ...നീ പറയാറില്ലേ; ഒന്ന് വായ് അടച്ച് വെക്കാൻ.ഞാൻ ഇനി പിണങ്ങില്ല, എന്റെ വായ് കൂട്ടികെട്ടിക്കൊൾക .എന്റെ വലത് കണ്ണിന് താഴെയുള്ള കാക്കപുള്ളിയിലേക്ക് നീ ഇപ്പോൾ നോക്ക്, സമയമുണ്ടല്ലോ.എന്റെ വാടിയ നെറ്റിതടത്തിൽ ഒന്ന് മെല്ലെ തലോടി പാറി പറക്കുന്ന ആ മുടിയിഴകൾ ഒന്ന് മാടി ഒതുക്കി വെക്കാമോ...? മുടിയിഴകൾ നിന്നിലേക്കുള്ള എന്റെ കാഴ്ച്ചക്ക് മങ്ങൽ വരുത്തുന്നു.എന്റേയും നിന്റേയും വിരൽ തുമ്പിൽ ഇനിയും പ്രണയം ഉറങ്ങി കിടക്കുന്നു.എന്റെ മിഴികൾ അടഞ്ഞ് കിടക്കുന്നത് കണ്ട് വിഷമിക്കേണ്ട.ആൾക്കൂട്ടത്തിൽ ഞാൻ നിന്നെ മാത്രം കാണുകയാണ്.നീ എന്റെ തണുത്തുറഞ്ഞ കവിളിൽ ചുംബിച്ചപ്പോൾ എന്നിൽ നിന്നൊരു നിശ്വാസം അടർന്നു മാറി,മൂടൽ മഞ്ഞ് പോലെ നിന്നിൽ ലയിച്ചത് നീ അറിഞ്ഞില്ലേ.നീ ഇനി പിന്മാറുക, എന്റെ മരണം പൂർത്തിയായി.എന്റെ ഈ ശരീരത്തിൽ നിനക്കിനി അവകാശമില്ല.എത്ര ആഗ്രഹിച്ചാലും എന്നെ നിനക്കിനി കാണാൻ കഴിയില്ല.എന്റെ കുഴി മാടം വരെ നീ വന്നു.ഒരിക്കലും ഒരു പൂവ് ഇറുത്ത് തരാത്ത നീ ഒരു കുമ്പിൾ പൂ എന്റെ ഇടനെഞ്ചിൽ വെക്കണം.ഞാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഈ മണ്ണിനരുകിൽ ഒരു പൂമരം വെച്ച് പിടിപ്പിക്കണം. ഹൃദയത്തിൽ വേരിറങ്ങി ആ മരം പൂക്കണം.മരിച്ചാലും എന്റെ സ്വപ്നങ്ങൾ പൂത്തുലയണം ഇനിയും.സഫലമാക്കാത്ത എന്തെങ്കിലും സ്വപ്നങ്ങൾ ബാക്കി നിൽപ്പുണ്ടെങ്കിൽ അതും...