നെടുങ്കണ്ടം:യുക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ തൂക്കുപാലം സ്വദേശിനി അഫ്‌നാൻ ഷംസ് യുദ്ധഭൂമിയിൽ നിന്നും ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിലെത്തി. തൂക്കുപാലം മുത്തേരിൽ ഷംസിന്റെയും ബീനയുടെയും മൂത്തമകൾ അഫ്‌നാൻ
യുക്രൈനിലെ സപ്രോഷെ നഗരത്തിൽ സപ്രോഷെ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാനവർഷ എം.ബി.ബി.എസ്.വിദ്യാർഥിനിയാണ്. യുദ്ധമുണ്ടാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും പഠനം
പൂർത്തിയാക്കാൻ നാല് മാസം മാത്രം അവശേഷിക്കുന്നതിനാൽ അവിടെ പിടിച്ച് നിൽക്കാനായിരുന്നു അഫ്‌നാന്റെ തീരുമാനം. എന്നാൽ സപ്രോഷെയിൽ റഷ്യയുടെ ആദ്യത്തെ മിസൈൽ പതിച്ചതോടെപ്രതീക്ഷകൾക്ക് മങ്ങലേറ്റു.അഫ്‌നയും കൂട്ടുകാരും ബങ്കറിൽ അഭയം പ്രാപിച്ചു. വെറും നാല് മാസം കൊണ്ട് പൂർത്തിയാക്കേണ്ട പഠനം തുടർ ജീവിതം എല്ലാം പ്രതീക്ഷകൾ മാത്രമാക്കി നഗരം വിട്ടു.
ആക്രമണത്തിന്റെ ശക്തിയേറിയതോടെ യൂണിവേഴ്‌സിറ്റി ഇടപെട്ട് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് വിദേശീയരായ വിദ്യാർഥികളെയെല്ലാം ഹംഗറി അതിർത്തിയിൽ എത്തിച്ചത്.ഹംഗറിയിലെത്തിയ അഫ്‌നാൻ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽസൗകര്യങ്ങൾ ഒരുക്കി നൽകി.
അവിടെ നിന്നും വിമാനത്തിൽ ഞായറാഴ്ച പുലർച്ചെ ഉത്തർപ്രദേശിലും തുടർന്ന് ഡൽഹിയിൽ കേരളാ ഹൗസിൽ എത്തി .ഞായറാഴ്ച രാത്രി ഡൽഹിയിൽ നിന്നും വിമാനം കയറിയ ഇവർ ഇന്നലെ പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി ഇവിടെനിന്നും ബന്ധുക്കളോടൊപ്പം രാവിലെ 5.30ന് തൂക്കുപാലത്തെ വീട്ടിലെത്തി.
2016ലാണ് സപ്രോഷെ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഫ്‌ന പ്രവേശനം നേടിയത്.
നാല് മാസം കൊണ്ട് പൂർത്തിയക്കേണ്ട കോഴ്‌സ് അനിശ്ചിതത്വത്തിലായതിന്റെ ആശങ്ക മാത്രമാണ് ഈ വിദ്യാര്ത്ഥിനിക്കിപ്പോഴുള്ളത് വായ്പയെടുത്തും മറ്റുമാണ് മാതാപിതാക്കൾ മെഡിസിന് അയച്ചത് ഇനി എന്ന് ഈ പഠനം പൂർത്തിയാകുമെന്ന് അറിയില്ലഎന്നതാണ് അഫ്‌നാന്റെ ആശങ്കയും.യുദ്ധം കനത്തതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മാതാപിതാക്കളുമായി ബന്ധപ്പെട്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു ബീനയുമായി നേരിട്ട് സംസാരിച്ച മുരളീധരൻ ആശങ്കപെടേണ്ട സാഹചര്യമില്ലന്നും കേന്ദ്രസർക്കാർ സയോചിതമായ ഇടപെടലാണ് നടത്തുന്നതെന്നും അറിയിച്ചിരുന്നു. ഡീൻ കുര്യാക്കോസ് എം.പി കഴിഞ്ഞ ദിവസം അഫ്‌നാന്റെ വീട്ടിൽ എത്തി ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിരുന്നു. വീട്ടിലെത്തിയ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.കുമാർ പൊന്നാടയണിയിച്ച് അഫ്‌നാനെസ്വീകരിച്ചു. ഉടുമ്പൻചോല മണ്ഡലം ജന: സെക്രട്ടറി അനീഷ്ചന്ദ്രൻ, നോജ് രാധാകൃഷ്ണൻ, കെ.പി.അനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.