നെടുങ്കണ്ടം : വീട്ടിലിരുന്ന് ലോകത്തുള്ള ഏത് ഡോക്ടറുടെയും സേവനം ലഭ്യമാക്കി രോഗനിർണയവും ചികിത്സയും നിശ്ചയിക്കാവുന്ന ആധുനിക ടെലിമെഡിസിൻ സംവിധാനം നെടുങ്കണ്ടം തലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു . മിഷൻ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു . കെ.എസ്.എഫ്. ഇ യുടെ സി. ആർ. എസ് ഫണ്ട് ഉപയോഗിച്ചാണ് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽത്ത് സ്റ്റോറി സർജിക്കലാണ് ഉപകരണം നൽകുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മെഷീൻ കേരളത്തിൽ ആദ്യത്തേതാണ്. ഇ . സി . ജി , പ്രമേഹം , രക്ത സമ്മർദ്ധം തുടങ്ങി അറുപതോളം പരിശോധനകൾ, തെർമൽ സ്‌കാനർ ഡോക്ടർമാരുമായുള്ള വിഡിയോ കോൺഫറൻസ് , വൈറ്റൽ ഡേറ്റ ഷെയറിങ് തുടങ്ങിയവയാണ് ഉപകരണത്തിലെ പ്രധാന സം വിധാനങ്ങൾ. കിടപ്പുരോഗികൾക്കും അവരുടെ പ്രാഥമിക രോഗവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനാകും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത ഉൾപ്രദേശങ്ങളിലെ രോഗികൾക്ക് ഏറെ സഹായകരമാകുന്ന സംവിധാനമാണിത്. രോഗിയുടെ പരിശോധന നടക്കുന്ന അതേ സമയത്ത് ഡോക്ടർക്ക് ഓൺലൈനിൽ അതിന്റെ പുരോഗതി വിലയിരുത്താനാകും . തുടർന്ന് ആവശ്യമെങ്കിൽ രോഗിയുമായി വീഡിയോയിൽ സംവദിക്കാനും കഴിയും. ഐ. എം. എ യു മായി സഹകരിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് . ഇതിന്റെ ആപ്പ് ഉപയോഗിക്കുന്ന ഡോക്ടർമാർ ഫെയ്‌സ്ബുക്കിൽ ലൈവാണോയെന്ന് അറിയാനാകുമെന്നതിനാൽ ബന്ധപ്പെട്ട ഡോക്ടറെ വേഗത്തിൽ കണ്ടെത്താനാവും നെടുങ്കണ്ടം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അനൂപ് അദ്ധ്യക്ഷനായി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് വൈസ് പ്രസിഡന്റ് റാണി തോമസ് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.