നെടുങ്കകണ്ടം : ഗാഡ്ഗിൽ-കസ്തൂരിരംഗൻ വിഷയത്തിൽ കർഷകർക്കൊപ്പം നിന്ന നിലപാട് തെറ്റായിരുന്നുവെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് തെറ്റുപറ്റിയെന്നും പി.ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്നുമുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന ഇടുക്കിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.ഇക്കാര്യത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വവും ഡീൻ കുര്യാക്കോസ് എം.പി യും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും നിലപാട് വ്യക്തമാക്കണം.
ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം ഇടുക്കി ജില്ല പൂർണ്ണമായും അതീവ പരിസ്ഥിതിലോല മേഖലയിലാണ് ഉൾപ്പെട്ടിരുന്നത്. ഇവിടെ ജനവാസവും, കൃഷിയും അസാധ്യമാകുമായിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ട് വന്നപ്പോൾ പരിസ്ഥിതിലോല മേഖലയുടെ വിസ്തീർണ്ണം കുറഞ്ഞെങ്കിലും ഹൈറേഞ്ചിലെ ഒട്ടുമിക്ക വില്ലേജുകളും ഇ.എസ്.എ യിൽ ഉൾപ്പട്ടു.
പരിസ്ഥിതിലോല മേഖലയിൽ നിന്നും ജനവാസമേഖലയേയും, കാർഷിക മേഖലയേയും, തോട്ടം മേഖലയേയും പൂർണ്ണമായും ഒഴിവാക്കണമെന്നത് ജനങ്ങളുടെ പൊതുവികാരമായിരുന്നു. ഇക്കാര്യത്തിൽ കേരളാ കോൺഗ്രസ് (എം) എടുത്ത ശക്തമായ രാഷ്ട്രീയ നിലപാടിന്റെ കൂടി ഭാഗമായിട്ടാണ് യു.ഡി.എഫ് സർക്കാർ ഉമ്മൻ വി. ഉമ്മൻ സമിതിയെ നിയോഗിച്ചത്.
കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എം.പിമാർ പാർലമെന്റിൽ എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമാക്കണം. ഗാഡ്ഗിൽ-കസ്തൂരിരംഗൻ വിഷയത്തിൽ എടുത്ത അതേ ഇരട്ടത്താപ്പ് നയമാണ് കുടിയേറ്റത്തിന്റെ കാലത്തും പട്ടയ വിഷയത്തിനും കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ജോസ് പാലത്തിനാൽ കുറ്റപ്പെടുത്തി.