ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയായ ചെറുതോണി, വഞ്ചിക്കവല, കേശമുനി, താന്നി കണ്ടം, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കാത്ത ജനങ്ങൾ കടുത്ത ദുരിതത്തിൽ . ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് നിത്യ സംഭവമായി തോടെയാണ് ജില്ലാ ആസ്ഥാനമേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത്. വാഴത്തോപ്പ് ഞാവൽ ചുവടിന് സമീപം പൈപ്പ് പൊട്ടിയത് മൂലം കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കുടിവെള്ളമില്ലാതെ ജനങ്ങൾ വലഞ്ഞു. പൈപ്പ് പൊട്ടി ആറ് ദിവസത്തിന് ശേഷം വെള്ളിയാഴ്ച്ച വാട്ടർ അതോറിറ്റി പൊട്ടിയ പൈപ്പ് നന്നാക്കി. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇതേ സ്ഥലത്ത് തന്നെ പൈപ്പ് വീണ്ടും പൊട്ടി. ഇതോടെ പള്ളിത്താഴെ ഞാവൽ ചുവട് റോഡിലേക്ക് അനിയന്ത്രിതമായിട്ട് വെള്ളം പാഴാകുന്നു. പാലം ഉൾപ്പെടെ പ്രദേശമാകെ ചെളിവെള്ളം മൂടി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിയന്റെ വീട്ടിലേക്ക് പോകുന്ന പ്രധാന റോഡായിട്ട് കൂടി ജല അതോറിറ്റി അടിയന്തിരമായി പൈപ്പ് നന്നാക്കുവാനുള്ള നടപടികൾ സ്വീകരിച്ചില്ല. ചെറുതോണി ടൗണിലും, ടൗണിനോട്‌ചേർന്നുള്ള ജനവാസ മേഖലകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇപ്പോഴും നിലനില്ക്കുന്നത്. ജല അതോറിറ്റി കരാർ നല്കിയാണ് ഈ മേഖലകളിലെ പൈപ്പുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നത്. കരാറുകാരന്റെ ഉദാസീനതയും അലംഭാവവുമാണ് പതിവായി പൈപ്പ് പൊട്ടാൻ കാരണമെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിന് കാലതാമസം വരുത്തുന്നതിനാൽ റോഡുകൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്. എന്നാൽ ജല വിതരണ പൈപ്പുകൾ ഗുണനിലവാരമില്ലാത്തതാണ് കരാറുകാർ ഉപയോഗിക്കുന്നതെന്ന പരാതിയും നാട്ടുകാർക്കുണ്ട്.