
ലഹരിക്കേസിൽപ്പെട്ട് വനിതാപഞ്ചായത്തംഗം രാജിവെച്ചത് വിനയായി
കട്ടപ്പന : വണ്ടൻമേട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി യുഡിഎഫ്.മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ എൽഡിഎഫ് അംഗം സൗമ്യ സുനിൽ രാജി വെച്ചതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് യു. ഡി. എഫ് അവിശ്വാസത്തിന് ഒരുങ്ങുന്നത്.ആകെ 18 വാർഡുകളുള്ള വണ്ടൻമേട് പഞ്ചായത്തിൽ എൽ ഡി എഫി ന് 9 അംഗങ്ങളാണ് ഉണ്ടായിരുന്നത്.ഇതിൽ പതിനൊന്നാം വാർഡംഗമായിരുന്ന സൗമ്യ സുനിൽ ഭർത്താവിനെ ലഹരി കേസിൽപ്പെടുത്താൻ കാമുകനുമായിചേർന്ന് നടത്തിയ നാടകം പൊളിഞ്ഞതോടെ അറസ്റ്റിലായതോടെ രാജി വെച്ചു. ഇതോടെ ഇടത് മുന്നണിയുടെ അംഗസംഖ്യ 8 ആയി ചുരുങ്ങി. മറുവശത്ത് യുഡിഎഫിന് 5 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്.9 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ടാണ് യുഡിഎഫ് അംഗങ്ങൾ കട്ടപ്പന ബ്ലോക്ക്
ഡെവലപ്‌മെന്റ് ഓഫീസർക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയത്തിൽ ചർച്ച നടത്തി വോട്ടെടുപ്പ് നടത്തും.
• ഭരണം നഷ്ടപ്പെടാൻ സാദ്ധ്യത
എൽ ഡി എഫ് ഭരണ സമിതിയെ പുറത്താക്കാൻ 3 ബി ജെ പി അംഗങ്ങളും സ്വതന്ത്രനും യു. ഡി. എഫിന് പിന്തുണ നൽകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.ഇതോടെ 14 മാസം പിന്നിടുമ്പോൾ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. സി പി എമ്മിലെ സിബി എബ്രഹാം ആണ് നിലവിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . പതിറ്റാണ്ടുകൾ നീണ്ട യുഡിഎഫ് ഭരണം പിടിച്ചുകെട്ടിയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 18 ൽ 9 സീറ്റുകളിലും വിജയിച്ച് ഇടത് മുന്നണി പഞ്ചായത്ത് ഭരണം നേടിയെടുത്തത്.