
ചെറുതോണി: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ തീപിടുത്തത്തിൽ കഞ്ഞിക്കുഴി തള്ളക്കാനം കുറ്റിയാനിക്കൽ ലൗലി യുടെവീട് ഭാഗികമായി കത്തി നശിച്ചു. രാത്രി 1130ഓടെയാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതിവേഗം തീ മച്ചിലേക്കും അതു വഴി മേൽക്കൂരയിലേക്കും പടരുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 300 കിലോയോളം ഉണക്ക കുരുമുളകും വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചതായി വീട്ടുടമ പറഞ്ഞു. വീടിന് തീ പിടിക്കുമ്പോൾ ഗൃഹനാഥനായ ലൗലിയും മകൻ രഞ്ജിത്തും, രഞ്ജിത്തിന്റെ ഭാര്യ റിനുവും വീട്ടിലുണ്ടായിരുന്നു . തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്മൂലം എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഇടുക്കിയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും,നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.