തൊടുപുഴ: കായിക താരങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെൽ കം ട്രെയിനിംഗ് സെന്ററിനുള്ള കെട്ടിടം നിർമിക്കാൻ വേണ്ടി റവന്യൂ വകുപ്പ് ഭാരതീയ ചികിത്സാ വകുപ്പിന് ഭൂമി കൈമാറി. 43.24 സെന്റ് സർക്കാർ പുറംപോക്ക് ഭൂമിയാണ് കൈമാറിയത്.
ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ജില്ലാ ആയുർവേദ ആശുപത്രിയിൽ തൊടുപുഴ ലാൻഡ് റവന്യൂ തഹസിൽദാർ പി.കെ. ദീപയാണ് ഭരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. ശുഭയ്ക്ക് രേഖകൾ ഔദ്യോഗികമായി കൈമാറിയത്. ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന റിസർവേ 207/10 ൽ ഉൾപ്പെട്ട 17.50 ആർ ഭൂമിയാണ് കൈമാറിയത്. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എൻ. ശൈലജ ദേവി സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. ശുഭ വിഷയ അവതരണം നടത്തി സംസാരിച്ചു. തൊടുപുഴ ലാൻഡ് റവന്യൂ തഹസിൽദാർ പി.കെ. ദീപ ഔദ്യോഗിക രേഖകൾ കൈമാറി കൊണ്ട് വസ്തുവിന്റെ സംരക്ഷണ നടപടികളെക്കുറിച്ചു സദസിനെ അഭിസംബോധന ചെയ്തു. തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ ഷാഫി എം. ഷംസ്, സർവേയർ അൻസുമോൻ, സെക്ഷൻ ക്ലാർക്ക് ഇ.ജി. ബിജു എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസിൽ ഡോ. സി.കെ. ശൈലജ നന്ദി പറഞ്ഞു.
സെല്ലിന്റെ ലക്ഷ്യം
ആയുർവേദ ചികിത്സ കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വർദ്ധിപ്പിക്കുകയാണ് ആയുർവേദ റിസർച്ച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും. സ്‌പോർട്‌സ് ചികിത്സയിൽ ആയുർവേദ ഡോക്ടർക്ക് പരിജ്ഞാനം നൽകുന്ന സംവിധാനവുമുണ്ടാകും.
ഇപ്പോൾ അസൗകര്യങ്ങൾ മാത്രം
കായിക താരങ്ങൾക്ക് വേണ്ടി സ്‌പോർട്‌സ് ആയുർവേദ റിസർച്ച് യൂണിറ്റ് ഏറെനാളായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തെ രാജ്യാന്തര താരങ്ങൾ വരെ ചികിത്സ തേടി ഇവിടെയെത്തിയിരുന്നു. നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇതിന്റെ പ്രവർത്തനം. ഒരു സ്ഥിരം ഡോക്ടറും രണ്ട് താത്കാലിക ഡോക്ടർമാരും സ്‌പെഷ്യലിസ്റ്റുമാണുള്ളത്. ഇത് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന റിസർച്ച് യൂണിറ്റായി മാറ്റുകയാണ് ലക്ഷ്യം. ജില്ലാ ആശുപത്രിക്ക് നിലവിൽ സ്ഥല സൗകര്യമില്ലാത്തതിനാലാണ് ആയുർവേദ റിസർച്ച് സെൽ പ്രത്യേക വിഭാഗമായി മാറ്റാൻ തീരുമാനിച്ചത്. പരിക്ക് പറ്റിയും ആരോഗ്യം നശിച്ചും ഫോം മങ്ങിയും കളിക്കളത്തിന് പുറത്താകുന്ന താരങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യമുണ്ട്. തൃശൂരിലാണ് ഇപ്പോൾ മറ്റൊരു റിസർച്ച് സെൽ പ്രവർത്തിക്കുന്നത്.
'എല്ലാവിധ അടിസ്ഥാന സൗകര്യവുമുള്ല മികച്ച കെട്ടിടം ഇനി നിർമിക്കണം. ആവശ്യമായ സ്റ്റാഫ് പാറ്റേണും സർക്കാർ അനുവദിക്കണം.'
-ഡോ. ഷൈലജ (ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് )