 
പീരുമേട്: കോഴികളെ കഴുത്തറുത്ത് കൊന്നതായി പരാതി. പട്ടുമല ഹാരിസൺ മലയാളം പ്ലാന്റേഷൻ ചൂളപ്പരട്ട് ഭാഗംലൈൻസിലെ രാമലക്ഷ്മിയുടെ മകൾ റിൻസി വളർത്തിയിരുന്ന കോഴികളെയാണ് കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടത്. ഏഴു കോഴികൾ ചത്ത നിലയിലും ഒരെണ്ണം അവശനിലയിലുമാണ്. പീരുമേട് പഞ്ചായത്തിൽ നിന്നും ലഭിച്ച മുട്ടക്കോഴികളാണ് ചത്തത്. ഞായറാഴ്ച്ച റിൻസി സാധനങ്ങൾ വാങ്ങാൻ പാമ്പനാറിൽ പോയിരുന്നു. മടങ്ങി വന്നപ്പോഴാണ് വീട്ടു മുറ്റത്ത് സാരിയും ഷീറ്റും ഉപയോഗിച്ച് ഉണ്ടാക്കിയ കൂട്ടിൽ കോഴികളെ കഴുത്തറുത്ത നിലയിൽ കണ്ടത്. ചില കോഴികളുടെ തല വെട്ടി മാറ്റിയ നിലയിലാണ്. ഡിഗ്രിക്ക് പഠിക്കുന്ന റിൻസിയുടെ വരുമാന മാർഗ്ഗമായിരുന്നു കോഴി വളർത്തൽ. അവശനിലയിൽ കണ്ടെത്തിയ ഒരു കോഴിയെ റിൻസി മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും അന്വേഷണം ആവശ്യപ്പെട്ട് പീരുമേട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.