നെടുങ്കണ്ടം :കോമ്പമുക്ക്, തോവാളപ്പടി, വട്ടുപാറ മേഖലയിൽ പേപ്പട്ടിയാക്രമണം. വിദ്യാർത്ഥിയടക്കം 6 പേർക്ക് ഗുരുതര പരുക്ക്. പ്രദേശവാസികളായ റോസമ്മ, ലൈല, പങ്കജവല്ലി, കുഞ്ഞുമോൻ, സുമ, ജോയൽ എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതര പരുക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.നാട്ടുകാരെ ആക്രമിച്ചതിന് പുറമെ തെരുവ് നായ വളർത്ത് മൃഗങ്ങളെയും കടിച്ച് പരുക്കേൽപ്പിച്ചു. റോസമ്മയുടെ കൈയിലെ ഞരമ്പ് ആക്രമണത്തിൽ മുറിഞ്ഞു. മുഖത്തും ശരീരമാസകലവും പരുക്കേറ്റവരുണ്ട്. ഇവർക്ക് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഏട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജോയലിന്റെ വയറിനാണ് ഗുരുതര പരുക്കേറ്റത്. പുലർച്ചെ 5.30ന് ഭർത്താവിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സുമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പിന്നിൽ നിന്നെത്തിയ പേപ്പട്ടി കാലിൽ കടിച്ചു പരുക്കേൽപ്പിച്ചു. പരുക്കേറ്റവരെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് നിന്നവർക്ക് നേരെയാണ് ഇന്നലെ രാവിലെ പേപ്പട്ടി ആക്രമിച്ചത്. പേപ്പട്ടി പ്രദേശവാസികളെ കടിച്ച് പരുക്കേൽപ്പിച്ച ശേഷം ഓടിപ്പോയി . നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തി .

തൂക്കുപാലമടക്കമുള്ള മേഖലകളിൽ തെരുവ് നായ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പേപ്പട്ടിയാക്രമണം മേഖലയിലുണ്ടായിരുന്നു.