തൊടുപുഴ: വൻകിട ടയർ കമ്പനികൾ കാർഷിക വായ്പകൾ കൈക്കലാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കർഷകവിരുദ്ധ റബർ ആക്ട് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു), കർഷകസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ 11ന് തൊടുപുഴ ഇൻകം ടാക്‌സ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും. കർഷകരെയും ഉപഭോക്താക്കളെയും വഞ്ചിക്കുന്ന വൻകിട ടയർ കമ്പനികളുടെ ഒത്തുകളിക്കെതിരെ കേന്ദ്രസർക്കാരും കേന്ദ്ര ഏജൻസികളും കൂടുതൽ ശക്തമായ നടപടി സ്വീകരിക്കണം. കൃഷിക്കാർക്കും റബർ ഉത്പാദകർക്കും മാത്രമല്ല, ഈ മേഖലയിലെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ടയർ കമ്പനികളുടെ തട്ടിപ്പിൽ കൂലിയിലും ബോണസിലും മറ്റാനുകൂല്യങ്ങളിലും വൻനഷ്ടം നേരിട്ടു. ടയർ കമ്പനികളിൽനിന്ന് ഈടാക്കുന്ന പിഴത്തുക കേന്ദ്രസർക്കാർ ഇവർക്ക് കൈമാറണം. കേന്ദ്രസർക്കാരും സ്വതന്ത്ര വ്യാപാര കരാറുകളും കർഷകരെ ചൂഷണം ചെയ്യുന്നു. അതോടൊപ്പം കർഷകരെയും ടയർ ഉപഭോക്താക്കളെയും പിടിച്ചുപറിച്ച് കമ്പനികളും ലാഭംകൊയ്തു. റബറിന് മിനിമം താങ്ങുവില ഇത്തവണത്തെ ബജറ്റിലും പ്രഖ്യാപിച്ചില്ല. റബർബോർഡിനെ തകർക്കാനും തുടർച്ചയായ ശ്രമമുണ്ടെന്നും നേതാക്കൾ പറഞ്ഞു. കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.എസ്. രാജൻ, കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം പി.പി. ചന്ദ്രൻ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ, കർഷകസംഘം ഏരിയാ സെക്രട്ടറി സി.എസ്. ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.