തൊടുപുഴ: കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും ജപ്തി നടപടികൾ നിർത്തി വയ്ക്കുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പാ തിരിച്ചടവിന് സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിഇന്ന് രാവിലെ 10 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം അനുഷ്ഠിക്കും.
നാല് വർഷത്തിലേറെയായി പ്രളയവും പ്രകൃതിക്ഷോഭവും കൊവിഡും മൂലം ഉപജീവന മാർഗ്ഗങ്ങൾ വഴിമുട്ടി നിൽക്കുന്ന ഇടുക്കി ജില്ലയിലെ കർഷകരുടേയും ചെറുകിട കച്ചവടക്കാരുടെയും മറ്റ് ജനങ്ങളുടേയും ജീവിതം പ്രതിസന്ധിയിലാണ്. 2022 മാർച്ച് 31 വരെ ഗവണ്മെന്റ് ജപ്തി നടപടികൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടെയും വായ്പാ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് ബാങ്കുകൾ തുടർച്ചയായി നോട്ടീസ് നല്കുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുകയാണ്. പല സ്ഥലങ്ങളിലും മുന്നറിയിപ്പില്ലാതെ ജപ്തി നടപടികൾ സ്വീകരിക്കുന്നു. ജില്ലയിൽ നിരവധി ആളുകൾ കടക്കെണി മൂലം ആത്മഹത്യ ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുകയുമാണ്.

ഈ വിഷയം മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും വിവിധ ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്നും സർക്കാർ ഈ പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എം.പി.യുടെ സത്യാഗ്രഹ സമരം.രാവിലെ 10ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവ്വഹിക്കും. പ്രമുഖ നേതാക്കൾ സംബന്ധിക്കും.