കട്ടപ്പന : വെള്ളിലാംകണ്ടത്തിന് സമീപം ഇടുക്കി ജലാശയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.മരിച്ചയാൾ ഉത്തരേന്ത്യൻ സ്വദേശിയായ തൊഴിലാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെയാണ് ഒരാൾ ജലാശയത്തിൽ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാർ പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചത്.തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ അവസാനിപ്പിച്ചിരുന്നു.ഇന്നലെ രാവിലെ പുന:രാരംഭിച്ച തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.ദിവസങ്ങൾക്ക് മുൻപ് കട്ടപ്പനയിലും പരിസരത്തും അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ആളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ബന്ധുക്കൾ അന്വേഷിച്ചെത്തിയില്ലെങ്കിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിക്കുമെന്ന് കട്ടപ്പന സി ഐ പറഞ്ഞു.കട്ടപ്പന ഫയർ സ്‌റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ പി കെ എൽദോസിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ എം ജി രഹിൽ, വിഷ്ണു മോഹൻ,പി. പ്രമോദ്,ആർ ബിനു,ജോസഫ് മാത്യു, ആർ അനു,കിഷോർ,എസ് സുരേഷ് കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.