തൊടുപുഴ: പൊതുമരാമത്ത് വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യശ്ശേരി- തോക്കുമ്പൻസാഡിൽ റോഡിന്റെ ടെണ്ടർ നടപടികൾ കെ.എസ്.ടി.പി ആരംഭിച്ചു. കരിമണ്ണൂരിൽ നിന്ന് ആരംഭിച്ച് തൊമ്മൻകുത്ത്- നാരുംകാനം- വണ്ണപ്പുറം- മുള്ളരിങ്ങാട്- പട്ടയക്കുടി വരെയുള്ള 30 കിലോ മീറ്റർ ദൂരമാണ് ആധുനിക രീതിയിൽ നിർമിക്കുന്നത്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കെ.എസ്.ടി.പി നേരത്തെ തയ്യാറാക്കിയിരുന്നു. 132 കോടി രൂപയാണ് റോഡ് വികസന പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ജർമ്മൻ ബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൊമ്മൻകുത്ത്, ആനയാടി കുത്ത്, കോട്ടപ്പാറ, മീനുളിയാൻപാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിനും നിർദ്ദിഷ്ട റോഡ് വികസന പദ്ധതി സഹായകമാകും. 24 മാസത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തീകരിക്കണം. കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് സഹായകമാകുന്നതാണ് നിർദ്ദിഷ്ട റോഡ്. റോഡ് നിർമാണം വൈകുന്നതു സംബന്ധിച്ച തടസങ്ങൾ നിയമസഭയിൽ പി.ജെ. ജോസഫ് എം.എൽ.എ ഉന്നയിച്ചിരുന്നു. ജർമ്മൻ ബാങ്കിന്റെ അനുമതി ലഭിച്ചാലുടൻ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. തൊമ്മൻകുത്ത്, വെള്ളക്കയം എന്നിവിടങ്ങളിൽ പുതിയ പാലവും ഇതോടനുബന്ധിച്ച് ഉണ്ടാകും. ഒട്ടേറെ കലുങ്കുകളും പുതുതായി നിർമിക്കും. ചെറിയ പാലങ്ങളും പുതുക്കി പണിയും. തൊമ്മൻകുത്ത് മുതൽ വണ്ണപ്പുറം വരെയുള്ള ഭാഗം ആധുനിക രീതിയിൽ നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.