കട്ടപ്പന: ജി എസ് ടിയിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. പ്രധാനമായും ചെറുകിട വ്യാപാരികളെ കുഴയ്ക്കുന്ന അതിസങ്കീർണതകൾ നീക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച 11 മണിക്ക് കട്ടപ്പനയിലെ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് സംഘടനയുടെ ജില്ലാ ഭാരവാഹികൾ അറിയിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷമുള്ള ധർണ്ണ കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് കെ.എൻ ദിവാകരൻ ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി. നിലവിൽ വന്ന ശേഷേമുള്ള ആശയക്കുഴപ്പവും നിർവ്വഹണ സംവിധാനത്തിലെ പിഴവുകളും ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. ജി.എസ്.ടി. ഉദ്യോസ്ഥർ കടകളിൽ കയറി ബില്ല് വാങ്ങാതെ തിടുക്കത്തിൽ ഇറങ്ങിപ്പോയ ശേഷം ഭീമമായ തുക പിഴയീടാക്കുകയാണ്. ഇത്തരം സംവിധാനങ്ങൾക്ക് മാറ്റുണ്ടാകണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. ആയിരത്തോളം വ്യാപാരികൾ മാർച്ചിലും തുടർന്ന് നടക്കുന്ന ധർണ്ണയിലും പങ്കെടുക്കുമെന്ന് ഭാരവാഹികളായ, കെ.പിഹസൻ, എം കെ തോമസ്, സിജോമോൻ ജോസ് എന്നിവർ പറഞ്ഞു