രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനം നിലനിറുത്തുന്നതിൽ വനങ്ങൾക്കുള്ള പങ്ക് ഗൗരവപൂർവം പരിഗണിച്ചാണ് 1988ൽ പ്രഖ്യാപിച്ച ദേശീയ വനനയത്തിൽ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗമെങ്കിലും വനങ്ങളായി നിലകൊള്ളേണ്ടതാണെന്ന് ചേർത്തത്. മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണം ഉറപ്പുവരുത്താനും പർവതപ്രദേശങ്ങളിൽ 60 ശതമാനത്തോളം ഭൂമി വനമായി നിലനിറുത്തണമെന്നും അതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരളത്തിലെ ഒമ്പതു ലക്ഷത്തിൽപ്പരം ഹെക്ടർ വനങ്ങളിൽ ഏതാണ്ട് മൂന്നിലൊന്ന് ഉഷ്ണമേഖലാ നിത്യഅർധഹരിതവനങ്ങളും മൂന്നിലൊന്നിൽ കൂടുതൽ നനവാർന്ന ഇലകൊഴിയും വനങ്ങളും ആറിലൊന്നോളം മനുഷ്യനിർമിത വനങ്ങളുമാണ്. ബാക്കിയുള്ളവ വരണ്ട ഉഷ്ണമേഖലാവനങ്ങൾ, പർവതമിതോഷ്ണ മേഖലാവനങ്ങൾ, പർവത, മിതശീതോഷ്ണ മേഖലാവനങ്ങൾ, പുൽമേടുകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവയാണ്. ഇതിൽ, നിത്യഹരിതവനങ്ങളുടെയും പർവതമിതോഷ്ണ മേഖലാവനങ്ങളുടെയും പർവത മിതശീതോഷ്ണമേഖലാ വനങ്ങളുടെയും ചുരുക്കം ചില ഭാഗങ്ങളൊഴികെ ഇടപെടലിനു വിധേയമായി നാശത്തിന്റെ വക്കിലാണ്. കൈയേറ്റവും ജനപ്പെരുപ്പവുമാണ് വനവിസ്തൃതി ഗണ്യമായി കുറച്ചത്. മണ്ണിന്റെ ജലസംഭരണശേഷി വർദ്ധിപ്പിച്ച് വറ്റാത്ത കാട്ടുറവകൾ സൃഷ്ടിക്കുന്നത് ഈ കാടുകളാണ്. എന്നാൽ വർഷംതോറുമുള്ള കാട്ടുതീ നിത്യഹരിതവനങ്ങളെ പിന്തള്ളിക്കൊണ്ടിരിക്കുകയാണ്. വേനൽ കനത്തതോടെ ഇടുക്കി ജില്ലയിൽ മാത്രം ഒരു മാസത്തിനിടെ നൂറുകണക്കിന് പുൽമേടുകളും ഹെക്ടർ കണക്കിന് വനമേഖലയുമാണ് കത്തിനശിച്ചത്.

വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം അടിമാലി, ദേവികുളം പ്രദേശങ്ങളിൽ എട്ടേക്കറോളം വനഭൂമി ഒരാഴ്ചയ്ക്കിടെ കത്തിനശിച്ചിട്ടുണ്ട്. ലോറേഞ്ചിൽ ജനവാസ മേഖലകളിലും തീപിടിത്തം വ്യാപകമായിട്ടുണ്ട്. ദിവസങ്ങളായി കാട്ടുതീ പ്രതിരോധിക്കാനുള്ള ഓട്ടത്തിലാണ് വനംവകുപ്പും അഗ്നിരക്ഷാസേനയും. എന്നാൽ പലപ്പോഴും ഇവർക്ക് തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. എല്ലാ വർഷവും വേനൽക്കാലത്ത് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ ഉണ്ടാകുന്നുണ്ട്. ഇത് പ്രതിരോധിക്കാൻ ഫയർ വാച്ചർമാരെ നിയോഗിക്കുകയും ഫയർലൈൻ തെളിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ഇതുകൊണ്ട് മാത്രം നിയന്ത്രണം സാദ്ധ്യമാകാത്ത സ്ഥിതിയാണ്. വനസംരക്ഷണ സമിതിയാണ് ഫയർലൈൻ തെളിക്കുന്നതും തീ കെടുത്തുന്നതും. എന്നാൽ പലപ്പോഴും കാട്ടുതീ വനാതിർത്തി കടന്ന് ജനവാസ മേഖലകളിലെത്തുന്നത് ഭീതി വിതയ്ക്കുന്നു.

തീ തിന്ന് കർഷകർ
വനമേഖലയോടും മറ്റും ചേർന്ന് കൃഷിയിറക്കിയിരിക്കുന്ന കർഷകരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. പലപ്പോഴും കൃഷിഭൂമിക്ക് പട്ടയമില്ലാത്തതിനാൽ ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാറുമില്ല. മാത്രമല്ല,​ ഇത്തരം തീപിടിത്തങ്ങളുണ്ടായാൽ അതിവേഗം തീയണയ്ക്കാനുള്ള സംവിധാനങ്ങളൊരുക്കാൻ പോലും ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. മലയോരങ്ങളിലേക്ക് കിലോമീറ്ററുകൾ താണ്ടി ഫയർഎൻജിൻ എത്തുമ്പോഴേക്കും തീപിടുത്തമുണ്ടായ ഭാഗം പൂർണമായി കത്തിനശിച്ച് കഴിഞ്ഞിരിക്കും.


ജൈവസമ്പത്തും വന്യമൃഗങ്ങളും ഇല്ലാതാകുന്നു

പീരുമേട്, അടിമാലി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, നേര്യമംഗലം, രാജാക്കാട്, വണ്ടിപ്പെരിയാർ, മൂലമറ്റം, മുട്ടം മേഖലകളിൽ എല്ലാവർഷവും കാട്ടുതീ പതിവാണ്. അപൂർവ ജൈവസമ്പത്തിനും വന്യമൃഗങ്ങൾക്കും കാട്ടുതീ സൃഷ്ടിക്കുന്ന ഭീഷണി കനത്തതാണ്. കത്തിനശിച്ച പ്രദേശത്തെ മണ്ണിന്റെ സ്വാഭാവിക ജൈവാവസ്ഥ വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം നടത്താറുണ്ടെങ്കിലും പലപ്പോഴും ഫലവത്താകാറില്ല. വനമേഖലകളിൽ കാട്ടുതീ വ്യാപകമായതോടെ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥിതിയും താളം തെറ്റിയിട്ടുണ്ട്.

മനഃപൂർവം തീയിടുന്നു

വനസമ്പത്ത് വിഴുങ്ങുന്ന കാട്ടുതീയ്ക്ക് പിന്നിൽ സാമൂഹ്യ വിരുദ്ധരടക്കമുള്ള ഗൂഢസംഘങ്ങളും ഉണ്ടെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഹൈറേഞ്ച് മേഖലകളിലുണ്ടാകുന്ന 80 ശതമാനം കാട്ടുതീയും വേനലിന്റെ മറവിൽ സാമൂഹികവിരുദ്ധർ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നാണ് വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ പറയുന്നത്. വന്യജീവികളെ പിടികൂടാനായി തീയിടുന്നവരും ഇതിന് പിന്നിലുണ്ട്. മുയൽ, മുള്ളൻപന്നി തുടങ്ങിയ ചെറിയ മൃഗങ്ങളെ പിടികൂടാനുള്ള സൗകര്യത്തിനാണിത്. കാടിനുള്ളിൽ അതിക്രമിച്ച് കടന്ന് കാട്ടുതീയ്ക്ക് ഇടയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അഞ്ചുവർഷം വരെ തടവ് ശിക്ഷയ്ക്കും കാരണമാകും. കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോത് കൂടുന്നതിന് കാരണമാകും. വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജലദൗർലഭ്യത്തിനും കാട്ടുതീ ഇടയാക്കും.

തടയാൻ മാർഗങ്ങൾ

കാട്ടുതീ ഒഴിവാക്കാൻ കാട്ടുതീ മൂലം ഉളവാകുന്ന വമ്പിച്ച നാശനഷ്ടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. വേനൽക്കാലത്ത് വനത്തിൽക്കൂടിയുള്ള സഞ്ചാരവും മറ്റും നിയന്ത്രിക്കാം. വനങ്ങളുടെ ഉള്ളിൽത്തന്നെ ആൾതാമസമുള്ളതിനാൽ ഈ രീതി പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ ആൾത്താമസമില്ലാതെ വിശാലമായി കിടക്കുന്ന വനപ്രദേശങ്ങളിൽ ഈ രീതി നടപ്പാക്കാം. പുറത്തുനിന്നുള്ള സഞ്ചാരികളെ നിയന്ത്രിക്കാൻ വനത്തിലേക്കുള്ള റോഡുകൾ താത്കാലികമായി അടയ്‌ക്കാം. പ്രവേശനകവാടത്തിൽ പരിശോധന കർശനമാക്കി തീപിടിത്തത്തിന് സാദ്ധ്യതയുള്ള വസ്തുക്കൾ വനത്തിലെത്താതെ ശ്രദ്ധിക്കാം. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പുലർത്തണം.

ശക്തമായ നിയമമുണ്ടായിട്ടും

1961ലെ കേരള വനനിയമത്തിലെ 27-ാമത്തെ ഖണ്ഡികയിൽ തീവയ്പ് നിരോധിച്ചതും അത് ലംഘിച്ചാൽ കുറ്റവാളിക്ക് നൽകാവുന്ന പരമാവധി ശിക്ഷയും വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് വനങ്ങളിലും റിസർവ് ചെയ്യാൻ നിർദേശിക്കപ്പെട്ട വനങ്ങളിലും തീ കത്തിക്കുന്നതും അപകടകരമായ രീതിയിൽ കത്തുന്ന തീ കണ്ടിട്ടും അവഗണിച്ച് പോകുന്നതും കുറ്റകരമാണ്. ഇത് ലംഘിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയുമാണ് ശിക്ഷ. വിധി കൽപ്പിക്കുന്ന കോടതിയുടെ തീരുമാനമനുസരിച്ച് വനത്തിനുണ്ടായ നഷ്ടം ഈടാക്കണമെന്നുമുണ്ട്. നിയമത്തിൽ ഈ വ്യവസ്ഥ അർഥശങ്കയ്ക്കിടയില്ലാത്തവിധം എഴുതിവച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ഇത് സംബന്ധിച്ച് കാര്യമായ കേസുകൾ രജിസ്റ്റർ ചെയ്യുകയോ കുറ്റവാളികളെ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നത് സങ്കടകരമാണ്. ആകെയുള്ള വനഭാഗങ്ങളുടെ മൂന്നിൽ രണ്ടുഭാഗവും ആണ്ടുതോറും കത്തിക്കരിയുന്നുണ്ടെങ്കിലും എന്തുകൊണ്ട് അതിനെതിരെ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിക്കുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്.