തൊടുപുഴ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ ജില്ലയ്ക്കായി എന്ത് കരുതിവച്ചിട്ടുണ്ടെന്നാണ് ഇടുക്കിക്കാർ ഉറ്റുനോക്കുന്നത്. തുടർച്ചയായ പ്രളയങ്ങളും കൊവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കിയ ജില്ലയിലെ കാർഷിക, വ്യാപാര, വ്യവസായ, വനോദസഞ്ചാര മേഖലകളെല്ലാം സർക്കാരിന്റെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ്. കേവലം പാക്കേജുകൾക്കപ്പുറം യാഥാർത്ഥ്യബോധമുള്ള പദ്ധതികൾ ഉണ്ടാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. സത്രം എൻ.സി.സി എയർസ്ട്രിപ്പ് യാഥാർത്ഥ്യമാക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കാൻ കൂടുതൽ തുക ബഡ്ജറ്റിൽ വകയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡും ലോക്ക്ഡൗണും മൂലം നിർജീവമായ വ്യാപാര വ്യവസായ മേഖലയ്ക്ക് ഉണർവേകുന്ന പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും ബഡ്ജറ്റിൽ ഇടംനേടുമെന്ന് വ്യാപാരികൾ കരുതുന്നു.
കാർഷികമേഖലയ്ക്ക് താങ്ങാകണം
വിളനാശവും വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും പരിഹരിക്കാൻ ബഡ്ജറ്റിൽ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. കൃഷിയിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനും പരിഹാരം വേണം. മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചെങ്കിലും വിലക്കുറവും വ്യാജ ശർക്കരയും കർഷകർക്ക് തിരിച്ചടിയായി. കരിമ്പ് കർഷകർക്ക് വേണ്ടത്ര ധനസഹായം പ്രഖ്യാപിച്ചാൽ കൃഷി നിലനിറുത്താനാകും. കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കർഷകരും സർക്കാർ സഹായം പ്രതീക്ഷിക്കുന്നു. തേയില, കാപ്പി, ഏലം, റബർ കർഷകർ മെച്ചപ്പെട്ട താങ്ങുവില പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ക്ഷീര മേഖലയിലും സഹായം വേണം.
കരകയറണം വിനോദസഞ്ചാരം
കൃഷി കഴിഞ്ഞാൽ ജില്ലയിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനോദസഞ്ചാര മേഖല പാടെ തകർന്നിരിക്കുകയാണ്. മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ വേണം. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ സഹായിക്കണം. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷ. ചെറുകിട ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നികുതിയിളവ് ഉൾപ്പെടെയുള്ളവ പ്രതീക്ഷിക്കുന്നുണ്ട്.
ആരോഗ്യരംഗത്തിന് കരുത്തേകണം
വേണ്ടത്ര ചികിത്സാ സൗകര്യമില്ലാത്തത് ജില്ല നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇടുക്കി മെഡിക്കൽ കോളേജ് പൂർണമായും മെഡിക്കൽ കോളേജാകണമെങ്കിൽ ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ്. പീരുമേട്, കുമളി പോലെയുള്ള മേഖലകളിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളോട് കൂടിയ സർക്കാർ ആശുപത്രി ആവശ്യമാണ്. ജില്ലാ ആശുപത്രിയായി ഉയർത്തുന്ന ഉടുമ്പൻചോല താലൂക്ക് ആശുപത്രിക്കും കൂടാതെ തൊടുപുഴ ജില്ലാ ആശുപത്രിക്കായും തുക വകയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനം
കിഫ്ബി പോലുള്ള ഫണ്ട് ഉപയോഗിച്ച് കൂടുതൽ റോഡുകളും പാലങ്ങളും നിർമിക്കണം. ഇടുക്കി രണ്ടാം വൈദ്യുതി പദ്ധതിക്ക് തുക വകയിരുത്തി പ്രവർത്തനങ്ങൾ ആരംഭിക്കണം. കൂടുതൽ പദ്ധതികളിലൂടെ ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം. തോട്ടം ഉടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാനും പതിറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന തോട്ടങ്ങൾ തുറക്കാനും പദ്ധതി വേണം.