ഇടുക്കി: സംസ്ഥാന സർക്കാർ അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല വാർഷികാഘോഷങ്ങൾ മേയ് 9 മുതൽ 15 വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് നടത്തും.
കാർഷിക പ്രദർശന മേള, കന്നുകാലി പ്രദർശനം, പുഷ്പ മേള, ആകാശ ഊഞ്ഞാൽ, മരണക്കിണർ തുടങ്ങിയ വിനോദങ്ങൾ, ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കാൽവരിമൗണ്ട്, പാൽക്കുളംമേട്, മൈക്രോവേവ് ചാരനള്ള് വ്യൂപോയിന്റുകളിലേക്ക് ട്രക്കിംഗ്, ഇടുക്കിചെറുതോണി ഡാമുകളിൽ സന്ദർശനം, ഇടുക്കി ജലാശയത്തിൽ ബോട്ടിംഗിനായി കൂടുതൽ സൗകര്യങ്ങൾ, വിവിധ വകുപ്പുകളുടെ പ്രദർശന, വിപണന സ്റ്റാളുകൾ, കുടുംബശ്രീയുടെ ഭക്ഷണശാലകൾ, സ്വയംതൊഴിൽ പരിശീലന മേളകൾ, വിവിധ വിഷയത്തിൽ സെമിനാറുകൾ, ഗാനമേള, നാടകം, മാജിക് ഷോ തുടങ്ങി വിവിധ കലാ പരിപാടികൾ, ട്രൈബൽ ഫെസ്റ്റിവൽ, ജില്ലാ കായിക സംഗമം, മാരത്തോൺ, സെക്കിൾ റാലി തുടങ്ങി വർണാഭമായ പരിപാടികൾ സംഘടിപ്പിക്കും.
സംഘാടക സമിതി മുഖ്യരക്ഷാധികാരിയായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, രക്ഷാധികാരികളായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം മണി, പി.ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് എന്നിവരെയും ചെയർമാനായി ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, വൈസ് ചെയർമാനായി ഐപിആർഡി ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ്കുമാർ കെ ആർ, കൺവീനറായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായി ജില്ലാ വികസന സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, കൺവീനറായി കാർഷിക കടാശ്വാസ കമ്മീഷനംഗം ജോസ് പാലത്തിനാൽ. കോ-ഓർഡിനേറ്ററായി ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ എന്നിവരെയും തിരഞ്ഞെടുത്തു.