അടിമാലി: ജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ അടിമാലിയിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജലസംരക്ഷണം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും തൊഴിലുറപ്പ് പദ്ധതിയിലെ സാങ്കേതിക വിഭാഗം ജീവനക്കാർക്കും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാല നടത്തിയത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി ശിൽപ്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭൂജല വിഭവ വിശകലനവും സുസ്ഥിരപരിപാലനവും, ഭൂജല സംപോഷണ പദ്ധതിയും അനുബന്ധപ്രവർത്തനങ്ങളും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നയിച്ചു. ഭൂജലവകുപ്പ് ജില്ലാ ഓഫീസർ വി ബി വിനയൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഭൂജലവകുപ്പ് റിട്ടേർഡ് സീനിയർ ഹൈഡ്രോജിയോളജിസ്റ്റ് തോമസ് സ്‌കറിയ, ഭൂജലവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സി ഡി ഷിബുമോൻ, ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ലാലി എസ്, മറ്റുദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.