
മുട്ടം: യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി മാരകമായി പരിക്ക് ഏല്പിച്ച സംഭവത്തിൽ ഭർത്താവിനെ റിമാന്റ് ചെയ്തു. ഇല്ലിചാരി വാഴമലയിൽ സോനയെ(25)ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയഭർത്താവ് രാഹുൽരാജിനെയാണ് പീരുമെട് സബ് ജയിലിൽ റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച്ചരാവിലെ 8.45 മണിയോടെയാണ് കേസിന് ആസ്പദസമായ സംഭവം. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സോന തലയനാട് മഞ്ഞപ്രയിലെ പരിചയത്തിലുള്ള വീട്ടിൽ കഴിഞ്ഞു വരവേയാണ് ആസിഡ് ആക്രമണം നടത്തിയത്. വീടുകളിൽ ഹോം നഴ്സായി ജോലിയ്ക്ക് നിൽക്കുകയായിരുന്നു സോനയും രാഹുൽ രാജും തമ്മിലുള്ള വിവാഹ മോചന കേസ് കുടുംബകോടതിയിൽടക്കുകയാണ് . ഇതിനിടയിലും നിരന്തരം രാഹുൽ സോനയുമായി വഴക്കിടുമായിരുന്നു . കഴിഞ്ഞ ആഴ്ചയിലും ഇവർ ജോലിയ്ക്കു നിന്ന വീട്ടിൽച്ചെന്ന് രാഹുൽ വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് സോന തലയനാട് മഞ്ഞപ്രയിലെ പരിചയത്തിലുള്ള വീട്ടിലേക്ക് താൽക്കാലികമായി മാറിയത്. മഞ്ഞപ്രയിലെ വീട്ടിൽ എത്തിയ രാഹുൽ അരയിൽ കരുതിയ കുപ്പിയിലെ ആസിഡ് സോനക്ക് നേരെ ഒഴിക്കുകയായിരുന്നു. സോനയുടെ ശരീരത്തിന്റെ 40 ശതമാനം ഭാഗത്ത് പൊള്ളലേറ്റിരുന്നു. ആക്രമണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട രാഹുലിനെ മുട്ടം പൊലീസ് തിങ്കൾ രാവിലെ 11 മണിയോടെ ടൗണിലെ ബാറിനു സമീപത്തു നിന്ന് പിടി കൂടിയിരുന്നു.