
തിരുവനന്തപുരം: കേരളത്തിലെ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും രക്ഷക്ക് സമഗ്ര കാർഷിക കടാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഇടുക്കിയിലെ ജപ്തി നടപടികൾ അടിയന്തിരമായി നിർത്തിവച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പകൾ തിരിച്ചടയ്ക്കുന്നതിന് സാവകാശം നൽകുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി.സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തരം വായ്പകളുടെയും പ്രളയ, കോവിഡ്, കാലഘട്ടങ്ങളിലെ മൊറൊട്ടോറിയം കാലാവധിയിൽ ഉള്ള പലിശയും പിഴപ്പലിശയും പൂർണ്ണമായും എഴുതിത്തള്ളണമെന്നും വിദ്യാഭ്യാസ വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കണമെന്നും കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും പുനർവായ്പകൾ അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.
. വെള്ളക്കരം, വൈദ്യുതി ചാർജ്ജ്, ഭൂനികുതി, രജിസ്‌ട്രേഷൻ ചാർജ്ജ് തുടങ്ങി സമസ്ത മേഖലയിലും ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കർഷകരെ ജപ്തി ചെയ്യുന്നത് കൈയ്യുംകെട്ടി നോക്കിനിൽക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നുംസത്യഗ്രഹത്തെ അഭിസംബോധന ചെയ്ത കെ. മുരളീധരൻ എം. പി പറഞ്ഞു.
ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ, കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷൻ കെ.എം. അഭിജിത്ത്, ഇബ്രാഹിം കുട്ടി കല്ലാർ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, എന്നിവർ പ്രസംഗിച്ചു.