 പ്രതിയുടെ കൈയിൽ കഞ്ചാവും

അടിമാലി: അടിമാലി റേഞ്ചിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി മുറിച്ച കടത്തിയ കേസിൽ രണ്ട് പേരെ കൂടി വനംവകുപ്പ് പിടികൂടി. നെല്ലിപ്പാറകുടിയിൽ വിഷ്ണു (19), ഒഴുവത്തടം കട്ടേലാനിക്കൽ ഭാസി (48) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പ്രതികളുടെ എണ്ണം പത്തായി. നെല്ലിപ്പാറ ഭാഗത്ത് നടത്തിയ തിരച്ചിലിൽ പ്രതി വിഷ്ണുവിന്റെ പക്കൽ നിന്ന് 200 ഗ്രാം കഞ്ചാവും എട്ട് കഞ്ചാവ് ചെടികളും നിലയിലും കണ്ടെത്തി. മുഖ്യപ്രതി രാമകൃഷ്ണന്റെ ഏലത്തോട്ടത്തിൽ നിന്ന് കാട്ടുപോത്തിന്റെ ജഡാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. അടിമാലി റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിലാണ് രണ്ട് പ്രതികളെയും പിടികൂടിയത്. ബി.എഫ്.ഒമാരായ ആർ. റോയി, പി.കെ. രാജൻ, എൻ.എ. മനോജ്,​ ഫോറസ്റ്റ് വാച്ചർ സജിനിമോൾ എന്നിവർ പങ്കെടുത്തു. നായാട്ടിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കുമായി മൂന്നാർ ഡി.എഫ്.ഒ രാജു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. ഫെബ്രുവരി 15നാണ് മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കേസിൽ നേരത്തെ മാമലകണ്ടം അഞ്ചുകുടി സ്വദേശി രാധാകൃഷ്ണൻ (കണ്ണൻ- 32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണൻ (58), ശക്തിവേൽ (22), ഒഴുവത്തടം സ്വദേശി രഞ്ചു (മനീഷ്- 39), പത്താംമൈൽ സ്വദേശി സ്രാമ്പിക്കൽ ആഷിഖ് (26), മാങ്കുളം സ്വദേശി ശശി (58), കൊരങ്ങാട്ടികുടി സ്വദേശികളായ സന്ദീപ് (35), സാഞ്ചോ (36) എന്നിവർ പിടിയിലായിരുന്നു. കാട്ടുപോത്തിനെ കുരുക്കുവച്ച് പിടിച്ച ശേഷം ഇറച്ചി മുറിച്ചെടുക്കുകയും തല അടക്കമുള്ള അവശിഷ്ടങ്ങൾ ഇവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു.