തൊടുപുഴ: ദേശീയപാത കുമളി അടിമാലി എൻ.എച്ച് 185 ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 1180 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. എൻ.എച്ച്183 നെയും എൻ.എച്ച്85 നെയും തമ്മിൽ ബന്ധിപ്പിക്കുന്നതും കട്ടപ്പന, ചെറുതോണി പട്ടണങ്ങളിലൂടെ കടന്നു പോകുന്നതുമായ ദേശീയപാത 185ലാണ് ചെറുതോണി പാലം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. കട്ടപ്പന ബൈപ്പാസിന് 32 കോടിയും ചെറുതോണി ബൈപാസിന് 28 കോടിയും ഭൂമിഏറ്റെടുക്കലിന് 160 കോടിയും അടിമാലി മുതൽ 41.5 കി.മി വരെ (അടിമാലി മുതൽ ഡബിൾ കട്ടിങ് വരെ) നവീകരണത്തിന് 470 കോടി രൂപയും, 41.5 കി.മി മുതൽ 83.600 കിമി വരെ നവീകരണത്തിന് 480 കോടിയും 10 കോടി രൂപയുടെ ഇതര നവീകരണപ്രവർത്തനങ്ങൾ ഉൾപ്പെടെ 1180 കോടി അടങ്കൽ തുക കണക്കാക്കി എൻ.എച്ച് മൂവാറ്റുപുഴ ഡിവിഷൻ തയ്യാറാക്കിയ പദ്ധതി സംസ്ഥാന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രത്തിനു സമർപ്പിച്ചിട്ടുള്ളതാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്നും എംപി പറഞ്ഞു. ദേശീയപാത 185 ന്റെ വികസനം ഇടുക്കി ജില്ലാ ആസ്ഥാനത്തെ ടൂറിസംവാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതും ജില്ലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണെന്നും എംപി പറഞ്ഞു.