
കട്ടപ്പന : ഏറെ സങ്കീർണ്ണതകളുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കട്ടപ്പന താലൂക്ക് ആശുപത്രി. ചെല്ലാർകോവിൽ സ്വദേശിയായ ഇരുപത്തിയൊൻപതുകാരന്റെ തൈറോയിഡ് ഗ്രന്ഥിയിൽ ഉണ്ടായ മുഴയാണ് 3 മണിക്കൂർ കൊണ്ട് ഡോക്ടർമാർ നീക്കം ചെയ്തത്.
ബുധനാഴ്ച്ചയായിരുന്നു ശസ്ത്രക്രിയ നടന്നത്.രോഗി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മുഴയ്ക്ക് 400 ഗ്രാം ഭാരമുണ്ട്.ഹൈറേഞ്ചിൽ വിരളമായിട്ടാണ് താലൂക്ക് ആശുപത്രികളിൽ തൈറോയിഡ് ശസ്ത്രക്രിയ നടത്തുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ആധുനിക സജ്ജീകരണങ്ങളാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കാരണമായതെന്ന് നേതൃത്വം നൽകിയ ഡോ. ബിനു കെ ജോൺ പറഞ്ഞു.ഇ എൻ ടി വിദഗ്ധൻ ഡോ. എവിൻ എബ്രഹാം,ഡോ. സ്‌നേഹ ജോർജ്, ഡോ. എം എസ് നിധിൻ, ഡോ. അശ്വതി മോഹനൻ , നഴ്‌സുമാരായ എം ആർ ഷിജ ,സ്മിത കുമാർ, ജോയിസി ചാക്കോ,ആൻ റിയ സെബാസ്റ്റിയൻ, മുഹമ്മദ് നബീൽ,ശോശാമ്മ വർഗ്ഗീസ് എന്നിവർ അടങ്ങുന്ന സംഘമാണ് ശസ്ത്രകിയ പൂർത്തിയാക്കിയത്.ജനറൽ സർജന്റെയും, ഇ എൻ ടി വിദഗ്ധന്റെയും സേവനം ദീർഘിപ്പിക്കാൻ സാധിച്ചാൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്തുവാൻ ആശുപത്രി സജ്ജമാണെന്ന് സൂപ്രണ്ട് ഡോ. കെ. ബി ശ്രീകാന്ത് വ്യക്തമാക്കി.