മറയൂർ: മറയൂർ ചന്ദന ഇ- ലേലത്തിൽ എട്ടുകോടിയുടെ വിൽപ്പന. സാമ്പത്തിക വർഷം അവസാനം ആയതിനാൽ സ്ഥിരമായി മറയൂർ ചന്ദനം എടുക്കുന്ന ചില സ്ഥാപനങ്ങൾ ആവശ്യപ്രകാരമാണ് ചന്ദനം ലേലത്തിൽ വെച്ചത്. 68.688 ടൺ ചന്ദനം ലേലത്തിന് വച്ചപ്പോൾ 6.294 ടൺ ചന്ദനം മാത്രമാണ് വിറ്റഴിഞ്ഞത്. ഇ- ലേലം തുടങ്ങിയ മുതൽ നാല് ഘട്ടങ്ങളായി രണ്ട് ദിവസം ആണ് ലേലം നടക്കാറുള്ളത് എന്നാൽ ആദ്യമായിട്ട് ഒറ്റ ദിവസം മാത്രം ലേലം നടത്തിയത്.
കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റെ് കമ്പനിയാണ് ഏറ്റവും കൂടുതൽ ചന്ദനം ലേലത്തിൽ പിടിച്ചത്. 5.834ടൺ ചന്ദനം 6.48കോടി രൂപയ്ക്ക് അവർ വാങ്ങി (നികുതിയില്ലാതെ 5.11 കോടി രൂപ). കർണാടക സോപ്‌സ് കൂടാതെ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്. ജയ്പൂർ സിഎംറ്റി ആർട്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 691 കിലോ ചന്ദനം 1.17 കോടിയ്ക്കും ജയ്പൂർ ക്ലൗഡ് 9158 കിലോ ചന്ദനം 26.67 ലക്ഷം രൂപയ്ക്കും കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റെ് കോർപ്പറേഷൻ തിരുവനന്തപുരം 205 കിലോ ചന്ദനം 29.63 ലക്ഷം രൂപയ്ക്കും കോട്ടയം മണക്കാട്ട് അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് 5.2കിലോ ചന്ദനം 93,000രൂപയ്ക്കും വാങ്ങി.
രണ്ടാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന പഞ്ജം ചന്ദനം കേരള ഹാൻഡി ക്രാഫ്റ്റ്‌സ് 54.1 കിലോയും വാങ്ങി. ഒരുകിലോ ചന്ദനത്തിന് നികുതിയടക്കം 21,043 രൂപ വില ലഭിച്ചു.