മൂന്നാർ: കാടിറങ്ങിയ മ്‌ളാവിനെ കൊലപ്പെടുത്തി ഇറച്ചി പങ്കുവെച്ച അഞ്ച് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ലക്ഷ്മി എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിൽ 25ആം നമ്പർ ഫീൽഡിൽ ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.
സൗത്ത് ഡിവിഷനിൽ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളായ പ്രവീൺ (26), അന്തോണി (45),കോവിൽ രാജ് (40) എന്നിവരും സൂപ്പർവൈസറായ ചെല്ലദുരൈ(47), ഫീൽഡ് ഓഫീസർ മനോജ് (30) എന്നിവരെയാണ് മൂന്നാർ റേഞ്ച് ഓഫീസർ എസ് ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച രാവിലെ കാട്ടിൽ നിന്നും വഴിതെറ്റി തേയിലത്തോട്ടത്തിലെത്തിയ മ്‌ളാവിനെ പ്രവീണിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തുകയായിരുന്നു. ഇറച്ചി അഞ്ചായി വീതം വെച്ചു. മൂന്ന് തൊഴിലാളികൾക്കും എടുത്ത ശേഷം ചെല്ലദുരൈയ്ക്കും മനോജിനും ഇവർ ഇറച്ചി എത്തിച്ചു നൽകുകയായിരുന്നു എന്നാണ് കേസ്. ബുധനാഴ്ച്ച രാത്രിയോടെ വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മാംസാവശിഷ്ടങ്ങളൊന്നും ലഭിച്ചില്ല. വ്യാഴാഴ്ച്ച പകൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇവരുടെ വീടിന്റെ സമീപത്ത് നിന്ന് മ്‌ളാവിന്റെ തൊലിയും കാലുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും. വനപാലകരായ കെ വി ബിനു, ദീപക്, രമേഷ്,രാജൻ, സായ്കുമാർ, അഭിഷേക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.