തൊടുപുഴ:സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുന്ന "സഖി വൺ സ്റ്റോപ്പ്‌ സെന്ററിന്റെ " പ്രവർത്തനം ജില്ലയിൽ കൂടുതൽ സജീവമാകുന്നു. സംസ്ഥാന വനിത -ശിശു വികസന വകുപ്പിന്റെ കീഴിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് സഖി വൺ സ്റ്റോപ്പ് സെന്റർ പ്രവർത്തിക്കുന്നത്. പൈനാവിൽ 2019 മുതൽ ഈ കേന്ദ്രം പ്രവർത്തിച്ച് വരുന്നുണ്ട്. സ്ത്രീകൾക്കും - കുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ തടയുക, ഇരയാകുന്നവർക്ക് സംരക്ഷണം നൽകൽ എന്നിങ്ങനെയുള്ള പ്രവർത്തികളാണ് പ്രധാനമായും ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കി വരുന്നത്. അതിക്രമങ്ങളിൽ ഇരയാകുന്നവർക്ക് പുനരധിവാസം, വൈദ്യ സഹായം, നിയമ സഹായം,പൊലീസ് സേവനം, കൗൺസലിംഗ്, താൽക്കാലിക അഭയം എന്നിങ്ങനെയുള്ള പ്രവർത്തികളും ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നു. 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. കളക്ടർ ചെയർ പേഴ്സനും ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ കൺവീനറുമായ സമിതിയാണ് ജില്ലാ തലത്തിലുള്ള പ്രവർത്തികൾ കോർഡിനേറ്റ് ചെയ്യുന്നതും. പൈനാവ് ജില്ലാ ഓഫിസിന്റെ ഫോൺ നമ്പർ: 04862296069

പ്രവർത്തനം സജ്ജം

കൊവിഡ് വ്യാപനം അതിരൂക്ഷമായ സമയങ്ങളിലും സഖി വൺ സ്റ്റോപ്പ്‌ സെന്ററിന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്. ഊരു വിലക്കിനെ തുടർന്ന് ദുരിതം നേരിട്ടിരുന്ന സ്ത്രീക്കും അവരുടെ 9 മാസം പ്രായമുള്ള ആൺകുട്ടിക്കും സംരക്ഷണം നൽകാനും ഊരുവിലക്ക് അവസാനിപ്പിക്കാനും സഖിവൺ സ്റ്റോപ്പ്‌ സെന്ററിന്റെ ഇടപെടലിലൂടെ സാധിച്ചിരുന്നു. ജില്ലയിലെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പൊതുജനങ്ങൾ, വിവിധ സാമൂഹ്യ - സാംസ്‌ക്കരിക സംഘടനകൾ, സ്കൂൾ -കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് സഖി വൺ സ്റ്റോപ്പിന്റെ പ്രവർത്തനങ്ങൾ സംഭന്ധിച്ച് ബോധ വൽക്കരണം, സെമിനാറുകൾ എന്നിവ പ്രാദേശികമായി നൽകിയിട്ടുണ്ട്.

2019 മുതൽ 2022 വരെ

താൽക്കാലിക അഭയം -61

ഗാർഹിക പീഡനം -192

പോക്സോ -4

ശാരീരിക പീഡനം -4

സൈബർ കുറ്റകൃത്യങ്ങൾ -2

മറ്റുള്ളവ കുറ്റകൃത്യങ്ങൾ -129