തൊടുപുഴ: ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബഡ്ജറ്റിൽ ജില്ലയ്ക്ക് കാര്യമായ പ്രഖ്യാപനങ്ങളില്ലെങ്കിലും ഇടുക്കി പാക്കേജിന് 75 കോടി രൂപ അനുവദിച്ചതും കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക പാക്കേജ് അനുവദിച്ചതും പ്രതീക്ഷ നൽകുന്നുണ്ട്. 15 കോടി രൂപയാണ് ബഡ്ജറ്റിൽ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. പഞ്ചായത്തിലെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായാണ് പാക്കേജ്. ജനങ്ങളിൽ ഇറിഗേഷൻ പദ്ധതികളെപ്പറ്റിയും സേവനങ്ങളെപ്പറ്റിയും ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ ഇടുക്കിയിൽ ജലസേചന മ്യൂസിയം സ്ഥാപിക്കാൻ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിൽ 75 കോടി രൂപ മാത്രമാണ് വകയിരുത്തിയതെങ്കിലും ആശ്വാസകരമാണ്. കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്ര്യ നിർമാർജനം എന്നിങ്ങനെ ആറ് മേഖലകളിലായി അഞ്ച് വർഷം കൊണ്ട് ഇടുക്കിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ പച്ചക്കറി സംഭരണത്തിനായി ശീതീകരണ ശാലയ്ക്കായി തുക അനുവദിച്ചത് ജില്ലയിലെ കർഷകർക്ക് ഗുണകരമാകും. റബർ കർഷകർക്ക് 500 കോടി രൂപ വകയിരുത്തിയതും റോഡ് ടാറിങിന് റബർ ചേർക്കുന്നതിന് 50 കോടി രൂപ പ്രാരംഭമായി വകയിരുത്തിയിട്ടുള്ളതും ആശ്വാസം പകരുന്നതാണ്. ഡാമുകളുടെ പുനുദ്ധാരണത്തിനും മറ്റ് അറ്റകുറ്റ പണികൾക്കുമായി 30 കോടി രൂപ വകയിരുത്തിയിട്ടുള്ളത് ജില്ലയ്ക്കും ആശാവഹമാണ്. മറ്റ് വിവിധ പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ കഴിയുന്നതുമാണ്. ഇടുക്കിയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ഇത്തവണയും ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. ജില്ലയിലെ വിവിധ റോഡുകൾക്കും തുക അനുവദിച്ചിട്ടുണ്ട്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
ഇടുക്കി മൾട്ടിപ്ലക്‌സ് തിയേറ്റർ കോംപ്ലക്‌സ് 10 കോടി രൂപ
പണിക്കൻകുടി- കുരിശുങ്കൽ ചെമ്പകപ്പാറ റോഡിന് 5 കോടി
ഇടുക്കിയിലെ പച്ചക്കറി സംഭരണത്തിനായി ശീതീകരണ ശാല
ഇടുക്കി മിനി സിവിൽ സ്റ്റേഷൻ
ഫയർ & റെസ്‌ക്യൂ മൂലമറ്റം, കട്ടപ്പന
ഇടുക്കി ലേസർ ഷോ പവലിയൻ & ഗാർഡ്
പനംകുട്ടി പാലം
അയ്യപ്പൻകോവിൽ പാലം
കുളമാവ്- വടക്കേപ്പുഴ ഹൈഡൽ ടൂറിസം പദ്ധതി
കാഞ്ഞാർ പാലത്തിന് ഇരുവശവും നടപ്പാലം
കട്ടപ്പന പി.എസ്.സി ഓഫീസ്
ഇറിഗേഷൻ മ്യൂസിയം
ഇഞ്ചത്തൊട്ടി പാലം
കല്ല്യാണത്തണ്ട് നിർമ്മലസിറ്റി ടൂറിസം പദ്ധതി
''ഇടുക്കിയിലെ ജലസേചന മ്യൂസിയം ബജറ്റിൽ ഉൾപ്പെടുത്തിയത് എനിക്ക് വ്യക്തിപരമായി വളരെ സന്തോഷം നൽകുന്ന ഒന്നാണ്. 15 കൂടുതൽ ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ഒരുക്കുന്നതിനും മഴക്കാലത്തും അതിതീവ്ര മഴക്കാലത്തും കൂടുതൽ ജലം സംരക്ഷിച്ച് പ്രളയത്തിൽ നിന്ന് സുരക്ഷ നൽകാനും ഇത് ഉപകരിക്കും. ഇടുക്കി പാക്കേജുകൾക്കായി 75 കോടി രൂപ ഉൾപ്പെടുത്തിയിട്ടുള്ളതും സർക്കാർ ജനങ്ങളുടെ സുരക്ഷയ്ക്ക നൽകുന്ന പ്രത്യേക പരിഗണന വ്യക്തമാക്കുന്നു.""
-മന്ത്രി റോഷി അഗസ്റ്റ്യൻ
''പ്രതീക്ഷയ്ക്കു വക നൽകുന്നതൊന്നും ബഡ്ജറ്റിൽ ഇല്ല. വികസനോന്മുഖ പദ്ധതികൾ ഇല്ല. സാമ്പത്തിക മാന്ദ്യം മറികടക്കാൻ നിർദ്ദേശങ്ങൾ ഇല്ല. റബർ വില സ്ഥിരത ഫണ്ട് 250 രൂപയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞതും വെറുതെയായി. 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചിട്ട് അനുവദിച്ചത് 75 കോടി മാത്രമാണ്."
-പി.ജെ. ജോസഫ് എം.എൽ.എ