തൊടുപുഴ: വെങ്ങല്ലൂരിലെ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുന്നതിനായി ഇവർ സഞ്ചരിക്കുന്ന വഴിയിൽ ഒരാഴ്ചയോളം പ്രതി കാത്തുനിന്നതായി പൊലീസ് കണ്ടെത്തി. വെങ്ങല്ലൂർ ഗുരു ഐ.ടി.സിയ്ക്ക് സമീപം കളരിക്കുടിയിൽ ഹലീമയെ (54) കൊല്ലുന്നതിന് പ്രതി മടക്കത്താനം കൊമ്പനാപറമ്പിൽ ഷംസുദ്ധീൻ (60) നേരത്തെ തന്നെ ആസൂത്രണം നടത്തിയിരുന്നു. വെങ്ങല്ലൂരിന് സമീപം പുതിയ വീട് നിർമിക്കുന്ന ഹലീമ രാത്രി സഹോദരി ഷൈലയുടെ വീട്ടിലാണ് കിടന്നിരുന്നത്. രാത്രിയിൽ ഹലീമ ഇവിടേയ്ക്ക് പോകുന്നതറിയാവുന്ന പ്രതി ഒരാഴ്ചയായി ഈ വഴിയിലെ കടയ്ക്കു സമീപം കാത്തു നിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സഹോദരിയും ഒപ്പമുണ്ടായിരുന്നതിനാൽ ആക്രമണം നടന്നില്ല. വ്യാഴാഴ്ച രാത്രി ഒറ്റയ്ക്കു സഹോദരിയുടെ വീട്ടിലേക്കു മടങ്ങിയ ഹലീമയെ ഷംസുദ്ദീൻ പൈനാപ്പിൾ തോട്ടത്തിൽ ഉപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഭാര്യ ഹഫ്‌സയുമായി അകന്നു കഴിയുന്ന ഷംസുദ്ദീൻ അടുത്ത നാളിൽ ഇവരെ തിരികെ വിളിച്ചു കൊണ്ടു വരാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് ഹലീമ തടസം നിൽക്കുന്നുവെന്ന കാരണത്താൽ ഇയാൾക്ക് ഇവരോട് വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഹലീമയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ അപായപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തുൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഷംസുദ്ദീനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെട്ടാനുപയോഗിച്ച വാക്കത്തി പൊലീസ് കണ്ടെടുത്തു. ഡിവൈ.എസ്.പി എ.ജി. ലാൽ, സി.ഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.