തൊടുപുഴ: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കായികാദ്ധ്യാപകൻ അറസ്റ്റിൽ. കോതമംഗലം വാരപ്പെട്ടി ചൂണ്ടേക്കാട്ടിൽ ജീസ് തോമസാണ് (48) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. 9, 10 തിയതികളിലായി ക്ലാസ് മുറിയിലും പരിശീലന സ്ഥലങ്ങളിലും വെച്ച് പല തവണ ഇയാൾ 11കാരിയെ ലൈഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നു. ശരീര ഭാഗങ്ങളിൽ ജീസ് സ്പർശിക്കുന്നതായി വിദ്യാർത്ഥിനി മാതാപിതാക്കളോട് പറഞ്ഞു. ഇവർ ആദ്യം ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതർ സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ തൊടുപുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരവും ഐ.പി.സി 354 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഇത്തരത്തിൽ മറ്റു കുട്ടികളോട് പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.